കൊണ്ടോട്ടി- ഈ സ്‌നേഹം എന്നും ഓര്‍മ്മയിലുണ്ടാകും. ഈ നാടിനോട് നന്ദിപറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ സൗദി പൗരന്‍ അഹമ്മദ് കരിപ്പൂരില്‍നിന്ന് റിയാദിലേക്ക് മടങ്ങുമ്പോള്‍ കേരളത്തെക്കുറിച്ച് വാചാലനായി.
മാതാവ് നിമ അല്‍വിസിദാനെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്നപ്പോഴാണ് കോവിഡ് വ്യാപനംമൂലം മടക്ക യാത്ര മുടങ്ങിയത്. എന്നാല്‍ ലോക്ഡൗണിലും നല്ല കുറെ മനുഷ്യരേയും അവരുടെ പ്രവര്‍ത്തനങ്ങളും കാണാനായി. കേരളത്തെക്കുറിച്ച് കേട്ടറിവ് മാത്രമായിരുന്ന തനിക്ക് ഇത് കണ്ടറിവ് കൂടിയായിരുന്നു.
രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായാണ് സൗദി പൗരന്‍ മുഹമ്മദ് സല്‍മാനും ഭാര്യയും കരിപ്പൂരിലെത്തിയത്. ചികിത്സയും വയനാട് കാഴ്ചയുമായിരുന്നു മനസ്സില്‍. എന്നാല്‍ കോവിഡ് മൂലം വയനാട്ടില്‍ പോകാനായില്ല. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമ്പോള്‍ വീണ്ടും വരുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘനാളിന് ശേഷം പുറത്തിറങ്ങിയ അമ്പരപ്പിലായിരുന്നു മക്കളായ സഹജും സഹദയും.
കേരളത്തില്‍ കുടുങ്ങിയ സൗദി പൗരന്മാരെ കൊണ്ടുപോകാനായി ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് റിയാദില്‍നിന്ന് സൗദി എയര്‍ലെന്‍സ് വിമാനമെത്തിയത്.
136 സൗദി പൗരന്മാരാണ് വിമാനത്തില്‍ പോകാനെത്തിയത്. കൂടുതല്‍ പേരും വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരായിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സംഘത്തിലുണ്ട്. കൂടുതല്‍ പേരും വീല്‍ചെയറിലാണ് എത്തിയത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് വിമാനത്താവളത്തിന് അകത്ത് കയറ്റിയത്. വൈകുന്നേരം 3.10ന് വിമാനം ബാംഗ്ലൂരിലേക്ക് പോയി. ഇവിടെനിന്നു 130 സൗദി പൗരന്മാരെക്കൂടി കയറ്റിയാണ് വിമാനം റിയാദിലേക്ക് പറന്നത്.
കരിപ്പൂരിന് പുറമെ മുംബൈ, ദല്‍ഹി വിമാനത്താവളങ്ങളിലേക്കും ഓരോ വിമാനങ്ങള്‍ സൗദി എത്തിച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യക അനുമതിയോടെയാണ് സര്‍വ്വീസ് നടത്തിയത്. സൗദി എയര്‍ലെന്‍സ് മാര്‍ച്ച് 15ന് സര്‍വീസ് നിര്‍ത്തിയിരുന്നു.






