ന്യുദല്‍ഹി- കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റെഡ് സോണുകളില്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് മാര്‍ച്ച് 25ന് തുടങ്ങിയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കേ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മോഡി നിലപാട് വ്യക്തമാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍ തുടരുക. ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലനിര്‍ത്തും. തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനൊപ്പം കോവിഡിനെതിരായ പോരാട്ടവും തുടരേണ്ടതുണ്ട്. കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന അടച്ചിടല്‍ ആയിരക്കണക്കിന് ജീവനുകളാണ് രക്ഷിച്ചത്. മാക്‌സ് ഉപയോഗം ഏറെക്കാലത്തേക്ക് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോഡി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ചത്. വിവേചനം ചൂണ്ടിക്കാട്ടി കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്നായിരുന്നു കേരളം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.






