ഇടുക്കി- ഏലപ്പാറയില്‍ കോവിഡ് ബാധ കണ്ടെത്തിയ ഡോക്ടര്‍ രോഗം സ്ഥിരീകരിക്കുന്നതിന് തലേദിവസം വരേ രോഗികളെ പരിശോധിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറാണ് രോഗം ബാധിച്ചത് അറിയാതെ ജോലിക്ക് എത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയവരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ ശേഖരിച്ച് ഇവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഏലപ്പാറയിൽ ശനിയാഴ്ച ഡോക്ടർ പങ്കെടുത്ത അവലോകന യോഗത്തിന് എത്തിയവരുടേയും വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആശുപത്രി കഴിഞ്ഞ ദിവസം തന്നെ അടച്ചുപൂട്ടിയിരുന്നു.
ഏലപ്പാറയിൽ മൂന്നു ദിവസം മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ട മകനെയും അമ്മയെയും ചികിൽസിച്ചതിനെ തുടർന്നാണ് ഡോക്ടർക്കും രോഗം പിടിപെട്ടതെന്ന് കരുതുന്നു.
ആറ് പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ പത്ത് പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. പുതിയ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ അതിർത്തിയിലെ 28 വാർഡുകളിലും എട്ട് പഞ്ചായത്തുകളിലും സമ്പൂർണ ലോക്ക്ഡൗൺ തുടരുകയാണ്.






