Sorry, you need to enable JavaScript to visit this website.

കോവിഡ് ഭേദമായ 200 തബ്‌ലീഗ് അംഗങ്ങള്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങുന്നു

ന്യൂദൽഹി- കോവിഡ് രോഗം ഭേദമായ 200ല്‍ അധികം തബ്‌ലീഗ്‌ ജമാഅത്ത് അംഗങ്ങൾ ഇതര രോഗികളെ ചികിത്സിക്കാനായി തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. നില്‍വില്‍ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്ന ദല്‍ഹിയില്‍ ചികിത്സ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ച സാഹചര്യത്തിലാണ് തബ്‌ലീഗ് അംഗങ്ങള്‍ പ്ലാസ്മ ദാനംചെയ്യാന്‍ രംഗത്ത് എത്തുന്നത്. ഇവരെ പരിശോധിച്ചതിന് ശേഷം പ്ലാസ്മ ശേഖരിക്കുമെന്ന് ദൽഹി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കടുത്ത അണുബാധയുള്ള കോവിഡ് രോഗികള്‍ക്കാണ് നിലവില്‍ പ്ലാസ്മ തെറാപ്പി നല്‍കുന്നത്. കോവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടാകും. രോഗത്തെ അതിജയിച്ചവരില്‍നിന്നുള്ള ആന്റിബോഡി മറ്റൊരു രോഗിയില്‍ എത്തുന്നതോടെ കോറോണ വൈറസിനെ ശരിയായ പ്രതിരോധിക്കാന്‍ രോഗിയെ സജ്ജമാക്കുകയാണ് പ്ലാസ്മ തെറാപ്പി വഴി ചെയ്യുന്നത്.

'ദൈവം ആരോടും വേർതിരിവ് കാണിക്കുന്നില്ല. വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നമ്മളാണ് ആളുകളെ വേർതിരിക്കുന്നത്. ഏത് വിശ്വാസിയേയും കൊറോണ വൈറസ് ബാധിക്കാം. എന്നാൽ ഒരു ഹിന്ദുവിന്റെ പ്ലാസ്മ ഉപയോഗിച്ച് ഒരു മുസ്‌ലിമിനെയും, തിരിച്ചും ജീവൻ രക്ഷിക്കാൻ കഴിയും. പിന്നെന്തിനാണ് നമ്മൾ മതിലുകൾ സൃഷ്ടിക്കുന്നത്. ഭിന്നിച്ചുനിന്നാൽ ഈ യുദ്ധത്തിൽ നമ്മൾ പരാജയപ്പെടും' ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചു.

ദല്‍ഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) ആണ് പ്ലാസ്മ ശേഖരിക്കുന്നത്. ഇതുവരെ ഒമ്പതോളം ഡോണര്‍മാരെ ലഭിച്ചു. ഇന്നും നാളെയുമായി ഇതുവരെ സാന്നദ്ധത അറിയിച്ചവരില്‍നിന്ന്മുഴുവന്‍ പ്ലാസ്മ ശേഖരിക്കും. ആവശ്യമെങ്കിൽ തെറാപ്പിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാന്‍ സംസ്ഥാന സർക്കാരുകളുമായി സഹകരിക്കാന്‍ തായാറാണെന്ന് ജമാഅത്തിന്റെ തെലങ്കാന, ആന്ധ്രാപ്രദേശ് ഘടകങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Latest News