Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല; ഉണ്ടാവില്ലെന്ന് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം- കേരളത്തില്‍ ഇതുവരെ കോവിഡിന്റെ സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. എന്നാല്‍ ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നും അത്തരം സാധ്യതയെ എപ്പോഴും കരുതിയിരിക്കണമെന്നും സിങ്കപ്പൂരിന്റെ അനുഭവം ചൂട്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം ബാധയുണ്ടാകുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മറ്റുള്ളവരുടെ പ്രശ്‌നത്തില്‍ ഇടപെടേണ്ടവര്‍ എന്ന നിലയില്‍ അവരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു..

കേരളത്തില്‍ മൂന്നാം ഘട്ട വ്യാപനം സംഭവിച്ചിട്ടില്ല. സമൂഹവ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ല. റാന്‍ഡം ടെസ്റ്റുകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയതില്‍നിന്ന് സമൂഹവ്യാപനത്തിന്‍റെ സൂചനകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹവ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ കുറേ മാസത്തേക്ക് എങ്കിലും എല്ലാവരും ജാഗരൂകരാകണം. കോവിഡ് ബാധിച്ച ഒരാളെയെങ്കിലും വിട്ടു പോയാല്‍ അത് ചിലപ്പോള്‍ സമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നും അതിനാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ആര്‍എന്‍എ കിറ്റുകള്‍ക്ക് കേരളത്തിലും ക്ഷാമം നേരിടുന്നത് പരിശോധനകള്‍ക്ക് തടസ്സമാവുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി, ശാസ്ത്രീയമായി മുന്‍ഗണനാ ക്രമത്തില്‍ പരിശോധനകള്‍ തുടരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേരളത്തിന്റെ രീതിയാണ് ശരിയെന്ന് തെളിഞ്ഞതായും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

Latest News