തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പങ്കെടുക്കും. കേരളത്തിന് സംസാരിക്കാൻ അവസരം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത്. കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കഴിഞ്ഞ തവണ അവസരം കിട്ടാത്തവരാണ് ഇന്നത്തെ യോഗത്തിൽ സംസാരിക്കുക. അതിനാൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. മേഘാലയ, മിസോറാം പുതുച്ചേരി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇന്ന് സംസാരിക്കാൻ അവസരം. സംസാരിക്കാന്‍ അവസരം ലഭിക്കാത്തത് മമതയെയും ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണിൽ സംസാരിച്ചു. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന് വേണ്ടി രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി വിളിക്കുന്ന നാലാമത്തെ യോഗമാണിത്. അതിനിടെ, കോവിഡ് പ്രതിരോധത്തിനായി രാജ്യാവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം ഘട്ട ലോക്ക് ഡൗൺ മേയ് മൂന്നിനാണ് പൂർത്തിയാകുന്നത്. അതിനിടെയാണ് വൈറസ് വ്യാപനത്തിൽ അതീവ ആശങ്കയിൽ കഴിയുന്ന ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണു ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.