ന്യൂദൽഹി- നീണ്ടുനിൽക്കുന്ന ലോക്ഡൗൺ ഇന്ത്യയിൽ ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ ദുവുരി സുബ്ബറാവു. കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പു തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പിറകിലേക്കായിരുന്നു. പ്രതിസന്ധി വന്നതോടെ പൂർണമായും സാമ്പത്തിക രംഗം നിശ്ചലമായി. സാമ്പത്തിക രംഗം ഇനിയും പിറകിലേക്ക് പോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞവർഷം അഞ്ചു ശതമാനമായിരുന്നു സാമ്പത്തിക വളർച്ച അവിടെനിന്ന് നെഗറ്റീവിലേക്ക് പോകുമ്പോഴുള്ള അവസ്ഥ ആലോചിക്കണം. ഇതരരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡിനെതിരായ ഇന്ത്യയുടെ പ്രവർത്തനം ഏറെ മെച്ചപ്പെട്ടതാണ്. അതേസമയം ഇന്ത്യ ദരിദ്ര രാജ്യമാണ്. പ്രതിസന്ധി നിലനിന്നാൽ നാം വലിയ വില നൽകേണ്ടി വരുമെന്നും സുബ്ബറാവു ഓർമ്മിപ്പിച്ചു. നമ്മുടെ മൂലധനങ്ങൾ നശിച്ചിട്ടില്ല. ഫാക്ടറികളും സ്ഥാപനങ്ങളും അവിടെയുണ്ട്. ലോക് ഡൗൺ പിൻവലിച്ചാൽ ജോലി ചെയ്യാൻ തൊഴിലാളികളും തയാറാണെന്നും സുബ്ബറാവു വ്യക്തമാക്കി.