ഇടുക്കി- ഗ്രീൻ സോണിൽനിന്നും ഓറഞ്ചിലേക്കെത്തിയ ഇടുക്കി ജില്ല ഇന്നലെ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ യെല്ലോ സോണിലെത്തി. രോഗിയെ ചികിത്സിച്ച വനിതാ ഡോക്ടർ ഉൾപ്പെടെ രോഗബാധിതരായി. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതർ 20 ആയി. 10 പേർ രോഗമുക്തി നേടി.
വണ്ടൻമേട് (1), ഉപ്പുകണ്ടം (1), ഏലപ്പാറ (2), വണ്ടിപ്പെരിയാർ (2) എന്നിങ്ങനെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികൾ. വണ്ടൻമേട്ടിൽ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മാർച്ച് 23 ന് മലപ്പുറത്ത് നിന്നാണ് പനി ലക്ഷണങ്ങളോടെ വീട്ടിലെത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം നത്തുകല്ല് സ്വദേശിയായ 24 കാരൻ മാർച്ച് 15 ന് ജർമനിയിൽനിന്ന് സ്പെയിൻ-അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്തുനിന്നു വന്നതാകയാൽ സാധാരണ രീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പഠനാവശ്യത്തിനാണ് വിദേശത്ത് പോയത്.
ഏലപ്പാറ പി.എച്ച്.സിയിലെ 41 കാരിയായ ഡോക്ടർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. മൈസൂരിൽനിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. ഡോക്ടർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി.എച്ച്.സിയിൽ ചികിത്സ തേടിയിരുന്നു. ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവർ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.
വണ്ടിപ്പെരിയാറിൽ താമസക്കാരനായ 35 കാരനും ഏഴു വയസ്സുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ പോയി എപ്രിൽ 12 ന് വീട്ടിൽ വന്നു. പിന്നീട് പിതാവിന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെന്നും ജില്ലാ കലക്ടർ എച്ച്.ദിനേശൻ അറിയിച്ചു.






