കൊണ്ടോട്ടി- കൊവിഡ് 19 മൂലം കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ കൊണ്ടുപോകാൻ ഇന്ന് മൂന്ന് സൗദി എയർലൈൻസ് വിമാനങ്ങൾ എത്തുന്നു. കരിപ്പൂർ, മുംബൈ, ദൽഹി വിമാനത്താവളങ്ങളിലേക്കാണ് സൗദി എയർലൈൻസ് വിമാനങ്ങൾ ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യക അനുമതിയോടെ സർവീസ് നടത്തുന്നത്.
റിയാദിൽനിന്ന് ഉച്ചയോടെ കരിപ്പൂരിൽ എത്തുന്ന വിമാനം 140 സൗദി പൗരന്മാരുമായി ബംഗളൂരുവിലേക്ക് പോകും. അവിടെ നിന്നും 130 സൗദി പൗരന്മാരെകൂടി കയറ്റി വിമാനം റിയാദിലേക്ക് പറക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് മുംബൈ, ദൽഹി വിമാനത്താവളങ്ങളിൽ എത്തിച്ച സൗദി പൗരന്മാരുമായിട്ടാവും മറ്റ് രണ്ട് വിമാനങ്ങൾ തിരികെ പറക്കുക.
കേരളത്തിൽ ചികിത്സക്കും മറ്റുമായി എത്തിയ സൗദി പൗരന്മാരാണ് ലോക്ഡൗൺമൂലം ഇവിടെ കുടുങ്ങിയത്. ഇന്ത്യയിലേക്കുള്ള സൗദി എയർലൈൻസ് സർവീസ് മാർച്ച് 15 ന് നിർത്തിയിരുന്നു. ഇതോടെ സൗദി പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര മുടങ്ങി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തുന്നത്. സൗദി സർവീസുകൾ മെയ് 30 വരെ നിർത്തിവെച്ചിരിക്കുകയാണ്. സൗദി ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ കൊണ്ടുവരുന്നതിൽ ഇതുവരെ നടപടികൾ അന്തിമമായിട്ടില്ല.