പി.സി ജോര്‍ജിന്റെ പരാമര്‍ശം വ്യക്തിഹത്യക്ക് തുല്യമെന്ന് നടി

കൊച്ചി- പി.സി ജോര്‍ജ് എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ആക്രമിക്കപ്പെട്ട നടി കൊച്ചിയില്‍ പോലീസിന് മൊഴി നല്‍കി. തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്നും  നടി പറഞ്ഞു.
 സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇടനല്‍കി. ഇത് തന്നെ വേദനിപ്പിച്ചു. ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല പരാമര്‍ശങ്ങളെന്നും അവര്‍ മൊഴിയില്‍ വ്യക്തമാക്കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി സി ഐ മൊഴിയെടുത്തത്. നടിയുടെ മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്തദിവസം നടി അഭിനയിക്കാന്‍പോയതെന്നാണ് പി.സി ജോര്‍ജ് എം.എല്‍.എ ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. എംഎല്‍എയുടെ ഈ പ്രസ്താവനക്കെതിരെ വനിതാ കമീഷന്‍ നേരത്തെ കേസെടുത്തിരുന്നു. തുടര്‍ന്ന് വനിതാ കമീഷനെ പരിഹസിച്ചും ജോര്‍ജ് രംഗത്തെത്തി. തനിക്ക് സൗകര്യമുണ്ടെങ്കില്‍ മൊഴി നല്‍കാന്‍ പോകുമെന്നായിരുന്നു പ്രസ്താവന. കമീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമീഷന് നല്‍കുന്ന മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും - എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്താവന.
അതിനിടെ, മലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് പീഢനത്തിനിരയായ നടി ആരോപിച്ചു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ട്. നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും നടി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമാ മേഖലയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ല. നായിക അത്യാവശ്യമല്ല എന്നതാണ് പരമാര്‍ഥം. ഒരു സിനിമയുടെ വിജയം കൊണ്ട് തനിക്കാരും പ്രതിഫലം കൂട്ടിത്തന്നിട്ടില്ല. താരകേന്ദ്രീകൃതമായിരുന്ന മലയാള സിനിമയില്‍ ഇപ്പോഴുണ്ടായിട്ടുള്ള മാറ്റം സ്വാഗതാര്‍ഹമാണ്. പുതുമുഖങ്ങളുടെ സിനിമകള്‍ക്കും ഇപ്പോള്‍ പ്രേക്ഷകരുണ്ട്. തമിഴ്‌നാട്ടില്‍ വളരെ മുമ്പേ ഉണ്ടായ മാറ്റംകേരളത്തില്‍ എത്താന്‍ കുറച്ചുവൈകി  എന്നു മാത്രം. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണ്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണ്. അച്ഛന്റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റിയെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും നടി പറഞ്ഞു.

 

Latest News