മലപ്പുറത്ത് രോഗമുക്തരായ അഞ്ച് പേർ  ഇന്ന് വീടുകളിലേക്ക് മടങ്ങും


മലപ്പുറം- ജില്ലയിൽ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗവിമുക്തരായ രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ കൂടി ഇന്ന് രാവിലെ വീടുകളിലേയ്ക്കു മടങ്ങും. വേങ്ങര കൂരിയാട് സ്വദേശി 63 കാരൻ, തിരൂർ തെക്കൻ പുല്ലൂർ സ്വദേശിയായ 39 കാരൻ, നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ, വേങ്ങര കണ്ണമംഗലം സ്വദേശി 45 വയസ്സുകാരി, മമ്പുറം വെട്ടം ബസാർ സ്വദേശി 42 വയസ്സുകാരി എന്നിവരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങുന്നത്. 
വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകൾക്കും ശേഷമാണ് ഇവർക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.
മാർച്ച് 11, 12 തീയ്യതികളിൽ നിസാമുദ്ദീനിലെ സമ്മളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി. മാർച്ച് 16 നാണ് ഇയാൾ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ഏപ്രിൽ ആറ് മുതൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സ ആരംഭിച്ചു. തിരൂർ പുല്ലൂർ സ്വദേശി മാർച്ച് 22 ന് ദുബായിയിൽ നിന്നാണ് എത്തിയത്. ബംഗളൂരു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് തലശ്ശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനക്കു വിധേയനായി. മാർച്ച് 23 ന് രാവിലെ ആംബുലെൻസിൽ തിരൂർ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിന്നതിനിടെ രോഗബാധ സ്ഥിരീകരിച്ചതോടെ മാർച്ച് 26 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ മാർച്ച് 12 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷം 31 നാണ് ചുങ്കത്തറയിലെ സ്വന്തം വീട്ടിലെത്തിയത്. ഏപ്രിൽ 10 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
വേങ്ങര കണ്ണമംഗലം സ്വദേശിനി 45 കാരിയും മമ്പുറം വെട്ടം ബസാർ സ്വദേശിനിയായ 42 കാരിയും നിസാമുദ്ദീനിലും മുംബൈയിലും ഭർത്താക്കന്മാർക്കും മറ്റ് അഞ്ച് കുടുംബങ്ങൾക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയ ശേഷമാണ് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 20 ന് നിസാമുദ്ദീനിൽനിന്ന് ട്രെയിനിൽ യാത്ര ആരംഭിച്ച് 21 ന് മുംബൈയിലെത്തി. അവിടെ തബ്‌ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരു മാസത്തോളം സംഘം താമസിച്ചശേഷം മാർച്ച് 23 ന് സ്വന്തം വീടുകളിൽ തിരിച്ചെത്തി. ഏപ്രിൽ ഏഴ് മുതൽ ഇരുവരേയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.


രോഗം ഭേദമായ അഞ്ചുപേരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടർ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അഞ്ച് പേരേയും ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലെൻസുകളിലാണ് വീടുകളിലേയ്ക്ക് കൊണ്ടുപോവുക. വീട്ടിലെത്തിയാലും ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണം തുടരണം.
ഇതോടെ ജില്ലയിൽ വിദഗ്ധ ചികിത്സക്കു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 18 ആയി. ഇതിൽ 12 പേർ ആശുപത്രിയിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. ഒരാൾ രോഗ വിമുക്തനായ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇനി ഒരാൾ മാത്രമാണ് രോഗ ബാധിതനായി ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. 20 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് കോവിഡ് ബാധിതയായിരിക്കെ മരിച്ചത്. 


 

Latest News