Sorry, you need to enable JavaScript to visit this website.

വരൻ കോവിഡ് ഹെൽപ്‌ലൈനിൽ, വധു ഐസൊലേഷൻ വാർഡിൽ; കല്യാണം മാറ്റിയാലും പ്രജിത്ത് ഹാപ്പി,  ശ്വേത അതിലേറെ ഹാപ്പി 

കാസർകോട് - ആരോഗ്യ വകുപ്പിന്റെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കോവിഡ് ഹെൽപ്‌ലൈനിൽ കൗൺസിലറായി ജോലിയിൽ വ്യാപൃതനാണ് പ്രതിശ്രുത വരൻ. ജില്ലാ ആശുപത്രിയിലെ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുടെ തിരക്കിലാണ് പ്രതിശ്രുത വധു. ഒരു കെട്ടിടത്തിന്റെ അപ്പുറവും ഇപ്പുറവുമാണ് ഇരുവരുടെയും ഡ്യൂട്ടി. പക്ഷെ പരസ്പരം കാണാൻ നിർവാഹമില്ല. ഫോൺ വിളി മാത്രമാണ് ആശ്വാസം. 


ആരോഗ്യ വകുപ്പിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രൊജക്റ്റ് ഓഫീസറായി ജോലി ചെയ്യുന്ന പുങ്ങചാൽ പുത്തൻപുരയിൽ പി.വി. പ്രസന്നൻ-ശ്യാമള ദമ്പതികളുടെ മകൻ പി.പി. പ്രജിത്തും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഇരിയണ്ണി ബേപ്പിലെ ഈച്ചപ്പാറയിൽ കെ. മാധവൻ നായരുടെയും ശ്യാമളയുടെയും മകൾ പി. ശ്വേതയും തമ്മിലുള്ള വിവാഹം ഏപ്രിൽ 26 ഞായറാഴ്ച (ഇന്നലെ) പകൽ 11.15 നും 11.45 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കുണ്ടംകുഴി ശ്രീ പാഞ്ചലിങ്കേശ്വര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കേണ്ടതായിരുന്നു. കല്ല്യാണ ദിവസം അണിഞ്ഞൊരുങ്ങി വിവാഹപ്പന്തലിൽ എത്തേണ്ടിയിരുന്ന വധു പക്ഷെ, പി.പി.ഇ കിറ്റ് അണിഞ്ഞ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയുടെ തിരക്കിലായിരുന്നു. വരൻ തൊട്ടടുത്ത കെട്ടിടത്തിൽ കോവിഡ് സെല്ലിൽ ഹെൽപ്‌ലൈനിലെ ഡ്യൂട്ടിയിലും. മുഹൂർത്ത ദിവസം രണ്ടു പേർക്കും തിരക്കോട് തിരക്ക്. ഐസൊലേഷൻ വാർഡിൽ 15 ദിവസമായി ശ്വേത ഡ്യൂട്ടിയിലാണ്. നഴ്സുമാർ എല്ലാവരും ഒരുമിച്ച് താമസിക്കുന്നതിനാൽ നേരിൽ കാണുക പ്രയാസം. പി.പി.ഇ കിറ്റ് അണിയുന്നത് കാരണം ഫോൺ വിളിക്കാൻ കഴിയാത്തതിന്റെ വിഷമവും പ്രജിത്തിനുണ്ടായി. ഡ്യൂട്ടി സമയം കഴിഞ്ഞു വേഷം അഴിക്കുന്നത് വരെ കാത്തിരുന്നാണ് പ്രജിത്ത് ക്ഷേമാന്വേഷണം നടത്തുന്നത്. ഇന്നലെ ഉച്ചക്കും പ്രജിത്ത് ഫോൺ വിളിച്ചു. 'കുഴപ്പം ഒന്നുമില്ലല്ലോ... വല്ല ടെൻഷനും...' അങ്ങേത്തലക്കൽ ശ്വേതയുടെ മറുപടി' എല്ലാം ഒ.ക്കെയാണ്. കല്ല്യാണമല്ലല്ലോ ഇപ്പോൾ പ്രധാനം, സമൂഹത്തിന്റെ രക്ഷയല്ലേ, ഒരു പ്രശ്‌നവുമില്ല.' കേട്ടപ്പോൾ പ്രതിശ്രുത വരന് ആശ്വാസം. കോവിഡിനെ തുരത്താനുള്ള ദൗത്യം ഏറ്റെടുത്ത പ്രജിത്ത് ഹാപ്പി. ശ്വേത അതിലേറെ ഹാപ്പി. 


ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ശ്വേത പിന്നീട് സ്റ്റാഫ് നഴ്സായി സ്ഥലം മാറി. ഇരുവരുടെയും വീട്ടുകാർ സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചത്. കല്യാണ കുറി അടിച്ചു ക്ഷണം തുടങ്ങിയപ്പോഴേക്കും ലോക്ഡൗൺ പ്രഖ്യാപിച്ചു. അതോടെ പ്രജിത്തും ശ്വേതയും കല്യാണ തിരക്കുകൾ മാറ്റിവെച്ചു സേവനത്തിൽ മുഴുകുകയായിരുന്നു. ഡി.എം.ഒ ഓഫീസിൽനിന്ന് ശ്വേതക്ക് ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി നൽകി. അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു. മാറ്റിവെച്ച വിവാഹത്തിനുള്ള പുതിയ തീയ്യതി നിശ്ചയിച്ചിട്ടില്ല. 'ഒന്നും പറയാറായിട്ടില്ലല്ലോ, ഇപ്പോൾ ജാഗ്രത പാലിക്കേണ്ട സമയമല്ലേ, കോവിഡിൽനിന്ന് നാട് മോചനം നേടിയ ശേഷം മെയ് അവസാനത്തോടെ തീരുമാനിക്കാമെന്ന് കരുതുന്നതായി' പ്രജിത്ത് പറയുന്നു. 'ഇന്നലെ പതിവിലും കൂടുതൽ കോൾ വന്നു. അതിൽ കുറെ പേർ കല്യാണം മാറ്റിവെച്ചതിലുള്ള മാനസിക വിഷമം നേരിടുന്നവർ ആയിരുന്നു. എല്ലാവരെയും സമാധാനിപ്പിച്ചു ദീർഘ ശ്വാസം എടുത്തു ഡ്യൂട്ടി തുടർന്നു. അവൾ പി.പി.ഇ കിറ്റ് ഇട്ടില്ലായിരുന്നേൽ ഒന്ന് വിളിച്ചൊരു ഗുഡ് മോർണിംഗ് എങ്കിലും പറയാമായിരുന്നു.' പ്രജിത്ത് ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

 

Latest News