ദേര ആസ്ഥാനത്ത്  വനിതാ ഹോസ്റ്റലിലേക്ക് രഹസ്യ തുരങ്കം; ദുരൂഹതകളുടെ ചുരുളഴിയുന്നു

സിര്‍സ- ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിമിന്റെ സിര്‍സയിലെ ആശ്രമത്തില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ റെയ്ഡ് തുടരുന്നതിനിടെ ദുരൂഹതകള്‍ ഉയര്‍ത്തി പുതിയ കണ്ടെത്തലുകള്‍. കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അനധികൃത പടക്ക ഫാക്ടറിയും രണ്ടു രഹസ്യ തുരങ്കങ്ങളും കണ്ടെത്തി. തുരങ്കങ്ങളിലൊന്ന് ഗുര്‍മീതിന്റെ സ്വകാര്യ വസതിയായ ദേര ആവാസില്‍ നിന്ന് ആശ്രമത്തിലെ വനിതാ അനുയായികള്‍ കഴിയുന്ന സാധ്വി നിവാസിലേക്കുള്ള വഴിയാണ്. മറ്റൊന്ന് പ്രധാന കേന്ദ്രങ്ങളില്‍ അഞ്ചു കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഇത് രഹസ്യമായി രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണെന്നാണ് സംശയിക്കപ്പെടുന്നത്.

അനധികൃത പടക്ക നിര്‍മാണ ശാലയില്‍ നിന്ന് 85 പെട്ടികളിലായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഫാക്ടര്‍ പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം കൂടുതല്‍ പരിശോധനകള്‍് നടത്തിവരികയാണ്. വന്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കു നടത്തുന്ന റെയ്ഡ് ചിത്രീകരിക്കാന്‍ 50 വീഡിയോ ഗ്രാഫര്‍മാരെയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച നടന്ന തിരിച്ചലില്‍ വന്‍ പണ ശേഖരവും പ്ലാസ്റ്റിക് കറന്‍സികളും നിരാധിച്ച നോട്ടുകളും ഹാര്‍ഡ് ഡിസ്‌കും ടയോട്ടയുടെ ആഡംബര കാറും കണ്ടെത്തിയിരുന്നു. തിരച്ചിലിനുള്ള മുന്‍കരതുലായി സിര്‍സയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഈഫല്‍ ടവര്‍, താജ്മഹല്‍, ക്രെംലിന്‍ കൊട്ടാരം, ഡിസ്‌നി വേള്‍ഡ് തുടങ്ങിയവയുടെ മാതൃകകള്‍ ഉള്‍ക്കൊള്ളുന്ന സപ്ത നക്ഷത്ര എംഎസ്ജി റിസോര്‍ട്ടും സിര്‍സയിലെ ദേര ആസ്ഥാനത്ത് ഉണ്ട്. വിശാലമായി പരന്ന് കിടക്കുന്നതാണ് ദേര ആസ്ഥാനം. ഇവിടെ റെയ്ഡ് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഹരിയാന പൊലീസ് മേധാവി ബിഎസ് സന്ധു പറഞ്ഞു. ഗുര്‍മീതിന്റെ 'ഗുഫ' എന്നറിയപ്പെടുന്ന പിങ്ക് നിറത്തിലുള്ള കെട്ടിടത്തിലെ സ്വകാര്യമുറിയും പരിശോധിക്കും. ഇതിനകത്തു വച്ചാണ് ഗുര്‍മീത് തന്റെ വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ദേര ആശ്രമത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉള്ളതായി ദേരയുടെ തന്നെ പത്രമായ സച് കഹൂന്‍ വെളിപ്പെടുത്തിയിരുന്നു. മരണമടയുന്ന ദേര അനുയായികളുടെ മൃതദേഹങ്ങള്‍ പുഴയിലൊഴുക്കുന്നതും കത്തിക്കുന്നതും പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുമെന്നതിനാലാണ് ആശ്രമത്തിനകത്തു തന്നെ സംസ്‌കരിച്ചിരുന്നതെന്നും പത്രം വ്യക്തമാക്കിയിരുന്നു. ഗുര്‍മീതിനെ ചോദ്യം ചെയ്യുന്ന അനുയായികളെ കൊലപ്പെടുത്തി ആശ്രമത്തില്‍ തന്നെ കുഴിച്ചു മൂടിയിരുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ വിശദീകരണവുമായി ദേര പത്രം രംഗത്തെത്തിയത്. 

14 മൃതദേഹങ്ങള്‍ മതിയായ മരണ സര്‍ട്ടിഫിക്കറ്റോ സര്‍ക്കാര്‍ അനുമതി ല്‍കിയ രേഖകളോ ഇല്ലാതെയാണ് ലക്‌നൗവിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളെജിനു ദേര കൈമാറിയതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Latest News