ഷാങ്ഹായ് -ആഗോള കൊറോണ വൈറസ് മഹാമാരി ആരംഭിച്ച ചൈനീസ് നഗരമായ വുഹാനില്‍ എല്ലാ കോവിഡ് രോഗികളും അസുഖം ഭേദമായി ആശുപത്രി വിട്ടു. വുഹാന്‍ ആശുപത്രികളില്‍ കോവിഡ് കേസുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതിയ കൊറോണ വൈറസിന്റെ തുടക്കം വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റിലാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വുഹാനിലേയും രാജ്യത്തെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നന്ദി പറയുന്നതെന്നും അവരുടെ സംയുക്ത ശ്രമങ്ങളാണ് വിജയം കണ്ടതെന്നും വുഹാനില്‍ ഇനി കോവിഡ് രോഗികളില്ലെന്നും ചൈനീസ് ദേശീയ
ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വുഹാന്‍ നഗരത്തില്‍ ആകെ 46,452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 56ശതമാനമാണിത്. 3,869 പേരാണ് മരിച്ചത്. ചൈനയിലുണ്ടായ മൊത്തം കോവിഡ് മരണങ്ങളില്‍ 84 ശതമാനം.
വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെയ് പ്രവിശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിരുന്നു.
റോഡുകള്‍ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിച്ചു. വുഹാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടര്‍ച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ചൈനീസ് ആരോഗ്യ വകുപ്പിന്റെ പൂര്‍ണശ്രദ്ധ ഇപ്പോള്‍ വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രവിശ്യയായ ഹീലോംഗ്ജിയാങ്ങിലാണ്. റഷ്യയില്‍ നിന്ന് എത്തുന്നവരില്‍ ഇവിടെ കൂടുതല്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.
ചൈനയില്‍ വെള്ളിയാഴ്ച 11 പുതിയ കേവിഡ് കേസുകളാണ് ആരോഗ്യ അതോറിറ്റി സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ ഒരു കേസ് കുറവാണ്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.