ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു

കൊൽ‌ക്കത്ത- പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അറുപത്കാരനായ ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ ബെലിയഘട്ട വൈറോളജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ഏപ്രിൽ 18ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡോക്ടറുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി. ഡോക്ടറുടെ ത്യാഗം ആദരവ് അര്‍ഹിക്കുന്നതായും മുഖ്യമന്ത്രി അനുശോചനകുറിപ്പില്‍ പറഞ്ഞു.

പശ്ചിമ ബംഗാളിൽ 611 പേര്‍ക്കാണ് ഇതിനോടകം കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നേരത്തെ മരണപ്പെട്ട 39 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെങ്കിലും മരണം മറ്റ് രോഗങ്ങള്‍ മൂലമായതിനാല്‍ ഔദ്യോകികമായി ഇവ കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Latest News