ന്യൂദല്‍ഹി- ദല്‍ഹിയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആദ്യമായി രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ കോവിഡ് പരിശോധയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പരിശോധിച്ചതില്‍ 160 പേര്‍ക്ക് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 16വരെ നീട്ടേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിലക്ക് നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. മെയ് 16 വരെ വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.






