വിദേശങ്ങളിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കും

ന്യൂദൽഹി- വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയച്ചേക്കുമെന്ന് സൂചന. അടുത്തമാസം മുതൽ പ്രത്യേക വിമാനം അയക്കാനാണ് സാധ്യത. മുൻഗണനാ ക്രമത്തിലായിരിക്കും വിദേശങ്ങളിൽനിന്ന് ആളെ എത്തിക്കുക. അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, വിദ്യാർഥികൾ എന്നിവരെയായിരിക്കും ആദ്യം എത്തിക്കുക. സന്ദർശക വിസയിൽ പോയവരെയും തിരികെ എത്തിക്കും. കേരളത്തിൽ നിന്നുള്ളവരെ തിരികെ എത്തിക്കുന്നതിന് വേണ്ടി നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ സൗകര്യം ഉടൻ നിലവിൽ വരുമെന്നുളള അറിയിപ്പ് നോർക്കയുടെ വെബ് സൈറ്റിലുണ്ട്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും വിദേശങ്ങളിൽ കുടുങ്ങിയ സ്വന്തം പൗരൻമാരെ തിരികെ എത്തിച്ചുതുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ മെല്ലപ്പോക്ക് സമീപനം സ്വീകരിച്ചതിനെ തുടർന്ന് വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്നാണ് ഇന്ത്യ ഭാഗികമായെങ്കിലും വിദേശങ്ങളിൽനിന്ന് സ്വന്തം പൗരൻമാരെ തിരികെ എത്തിക്കുന്നത്. 

Latest News