Sorry, you need to enable JavaScript to visit this website.

മുസഫര്‍നഗര്‍  കലാപം: 190 കുടുംബങ്ങളള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആംനസ്റ്റി

ലക്‌നൗ- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ 2013-ലുണ്ടായ വര്‍ഗീയ കലാപത്തില്‍ ഇരകളാക്കപ്പെട്ട 190 മുസ്ലിം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇവരിപ്പോഴും പുനരധിവാസ ക്യാമ്പുകളില്‍ വളരെ മോശം സാഹചര്യങ്ങളില്‍ കഴിയുകയാണെന്നും ആനംസ്റ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,800 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്നു പറയുന്നുണ്ട്. എന്നാല്‍ കുടുംബം എന്നതിന് പരസ്പര പൊരുത്തമില്ലാത്ത നിര്‍വചനം നല്‍കിയാണ് നഷ്ടപരിഹാരം കണക്കാക്കിയിരിക്കുന്നതെന്നും ഇതു മൂലം ഇരുനൂറോളം കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുമെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ നഷ്ടപരിഹാരം സ്വീകരിച്ച വലിയ കൂട്ടുകുടുംബങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞാണ് പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നിഷേധിച്ചിട്ടുള്ളത്. ഒന്നിച്ചു കഴിയുകയും ഒരു അടുക്കള ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കൂട്ടും ആളുകളെയാണ് ഒരു കുടുംബം എന്ന് സര്‍ക്കാര്‍ നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ സ്വതന്ത്ര കുടുംബങ്ങളാണെന്ന് പല കുടുംബങ്ങളും തെളിയിച്ചെങ്കിലും അവര്‍ക്ക് നഷ്്ടപരിഹാരം നല്‍കിയില്ലെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലാസം വ്യക്തമാക്കുന്ന റേഷന്‍ കാര്‍ഡ് പോലുള്ള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളുണ്ടെന്നും കൂട്ടുകുടംബങ്ങളില്‍ നിന്ന് വേറിട്ടാണ് കഴിഞ്ഞിരുന്നെന്നും ഉപയോഗിച്ചിരുന്നത് സ്വന്തം അടുക്കളയായിരുന്നെന്നും തെളിയിച്ചിട്ടും ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല.  

മുസാഫര്‍നഗര്‍, ഷംലി ജില്ലകളില്‍ 2013-ലുണ്ടായത് ഏറ്റവും രൂക്ഷമായ ഹിന്ദു-മുസ്ലിം കലാപമായിരുന്നു. ഒരു യുവതിയെ പീഡിപ്പിക്കുന്നത് തടഞ്ഞ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ പീഡനക്കഥ ഊഹാപോഹമാണെന്ന് പിന്നീട് ആരോപണമുയര്‍ന്നിരുന്നു. 60 പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. നൂറുകണക്കിന് കുടുംബങ്ങളാണ് ഗ്രാമങ്ങളില്‍ നിന്ന് വീടുപേക്ഷിച്ച് പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടിയത്. നാലു വര്‍ഷത്തിനു ശേഷവും മിക്ക കുടുംബങ്ങളും ഈ താല്‍ക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. മതിയായ വെള്ളമോ വൈദ്യുതിയോ ഇവിടെ ഇല്ല. 

2013 ഒക്ടോബറിലാണ് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഓരോ കുടുംബത്തിനും പ്രഖ്യാപിച്ചത്. കലാപം രൂക്ഷമായി ബാധിച്ച ഒമ്പതു ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്കാണ് ഇതു നല്‍കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ്ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കഴിയുന്ന 12 പുനരധിവാസ കേന്ദ്രങ്ങളില്‍ 2016 ഏപ്രിലിനും 2017 ഏപ്രിലിനുമിടയില്‍ ആംനസ്റ്റി സംഘം സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ നേരിട്ട് കണ്ടറിയുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് 190 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. 

Latest News