സര്‍വകലാശാല പരീക്ഷകള്‍ വൈകും, പുതിയ അധ്യയന വര്‍ഷം സെപ്റ്റംബറിലേക്ക് നീളും

ന്യൂദല്‍ഹി- കോവിഡ് ലോക്ഡൗണ്‍മൂലം നീട്ടിവെച്ച സര്‍വകലാശാല പരീക്ഷകള്‍ മെയില്‍ നടക്കാന്‍ സാധ്യത കുറവ്. മാര്‍ച്ച് 16 മുതല്‍ മാറ്റിവച്ച എല്ലാ പൊതു പരീക്ഷകളും ജൂലൈയില്‍ നടത്തുക, അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യു.ജി.സി പരിഗണിക്കുകയാണ്.
രാജ്യത്തെ സര്‍വകലാശാലകളിലും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയാല്‍ മതിയെന്നും യു.ജി.സി നിയോഗിച്ച സമിതി  ശുപാര്‍ശ ചെയ്തു. പരീക്ഷ ഓണ്‍ലൈനായി നടത്തുക, അല്ലെങ്കില്‍ ലോക്ഡൗണ്‍ തീര്‍ന്ന ശേഷം എഴുത്തുപരീക്ഷയുടെ സമയക്രമം നിശ്ചയിക്കുക എന്നു യു.ജി.സി നിയോഗിച്ച മറ്റൊരു സമിതിയും ശുപാര്‍ശ ചെയ്തു.
ഇവ പരിശോധിച്ചു വരികയാണെന്നും ഈയാഴ്ച തീരുമാനമെടുക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയം അറിയിച്ചു. പ്രവേശന പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ജൂണില്‍ നടത്താന്‍ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു.

 

 

Latest News