ഭാര്യയെ കൊണ്ട് വീട്ടിൽ സ്വൈര്യമില്ല; ജയിലിൽ കഴിയാൻ ആഗ്രഹിച്ച ഭർത്താവ് പോലീസിനെ ഇടിച്ചു പരിക്കേൽപ്പിച്ചു 

ജയ്പൂർ- കുടുംബ വഴക്ക് സഹിക്കാനാവാതെ ഭാര്യയിൽ നിന്ന് രക്ഷതേടി പോലീസ് സ്‌റ്റേഷനിലെത്തിയ  യുവാവ് ജയിലിൽ കിടക്കാൻ വേണ്ടി പോലീസ് ഓഫീസറെ ഇടിച്ചു പരിക്കേൽപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 30കാരനായ യോഗേഷ് ഗോയ്‌ലയാണ് കുടുംബ വഴക്ക് അനുനയിപ്പിക്കാൻ ശ്രമിച്ച അസിസ്റ്റന്റ് കമ്മീഷണറെ മുഖത്തിടിച്ച് ചുണ്ടിനും മൂക്കിനും പരിക്കേൽപ്പിച്ചത്. തന്നെ ജയിലടക്കാനാണ് ഇതു ചെയ്തതെന്ന് യോഗേഷ് പറഞ്ഞു. ആഗ്രഹിച്ചതു പോലെ യോഗേഷ് ജയിലിലാകുകയും ചെയ്തു. 

'എന്നെ ജയിലലടക്കൂ... ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട്. ദയവു ചെയ്ത് എന്നെ ലോക്കപ്പിലാക്കൂ' എന്ന ആവശ്യവുമായാണ് വ്യാഴാഴ്ച യോഗേഷ് സ്‌റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതു കേട്ട് പോലീസ് അന്തംവിട്ട് നിൽക്കുന്നതിനിടെ യോഗേഷിനെതിരെ പരാതിയുമായി ഭാര്യയും സ്‌റ്റേഷനിലെത്തി. ഇതു കുടുംബവഴക്കാണെന്നു മനസ്സിലാക്കിയ എ.സി.പി ദേശ് രാജ് യാദവ് കേസിൽ ഇടപെട്ട് ഇരുവരേയും അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സൗഹാർദപൂർവ്വം സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ യോഗഷ് കമ്മീഷണറുടെ മൂക്കിനിടിക്കുകയായിരുന്നു. 

സ്‌റ്റേഷനിലെത്തിയതു മുതൽ തന്നെ ജയിലിലടക്കാനാണ് ഇയാൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഭാര്യയെ തല്ലിയതായി കുറ്റസമ്മതം നടത്തിയ ഇയാൾ വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. എന്നാൽ കമ്മീഷണറെ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ ശാന്തനായി. ഓഫീസറെ ആക്രമിച്ച കേസിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ഇയാളെ ജയിലിലടക്കുകയും ചെയ്തു. ഭാര്യയെ കൊണ്ട് ഒരു   സ്വൈര്യവുമില്ലാത്തതിനാലാണ് ജയിലിൽ കിടക്കാൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞതായും പൊലീസ് പറയുന്നു. 
 

Latest News