വിദേശങ്ങളിൽനിന്ന് സൗദി പൗരന്മാരെ തിരിച്ചെത്തിച്ചു

സ്‌പെയിനിൽ നിന്ന് ഒഴിപ്പിച്ച സൗദി പൗരന്മാർ ഹായിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ

ജിദ്ദ - ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിയ സൗദി പൗരന്മാരെ സൗദിയയുടെ പ്രത്യേ വിമാനത്തിൽ ഒഴിപ്പിച്ചു. ജോഹന്നസ്ബർഗിൽ നിന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സൗദി പൗരന്മാർക്ക് മുഴുവൻ ആരോഗ്യ, മുൻകരുതൽ നടപടികളും ബാധകമാക്കി. 
സ്‌പെയിനിൽ കുടുങ്ങിയ സൗദി പൗരന്മാരെ സൗദിയയുടെ പ്രത്യേക വിമാനത്തിൽ ഹായിൽ അന്താരാഷ്ട്ര എയർപോർട്ടിലും എത്തിച്ചു. മഡ്രീഡിൽ നിന്ന് സൗദിയ വിമാനത്തിൽ എത്തിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ വിദേശ, ആരോഗ്യ, ടൂറിസം മന്ത്രാലയ അധികൃതരും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. 
വിദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നവരെയും വഹിച്ച് ഹായിലിൽ എത്തുന്ന ആദ്യ വിമാന സർവീസാണിത്. 


വിദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്ന സൗദി പൗരന്മാരെ ക്വാറന്റൈനുകളായി പ്രത്യേകം സജ്ജീകരിച്ച ഹോട്ടലുകളിലേക്കാണ് മാറ്റുന്നത്. 
പതിനാലു ദിവസം ഹോട്ടലുകളിൽ കഴിഞ്ഞ് രോഗമുക്തരാണെന്ന് പൂർണമായും ഉറപ്പു വരുത്തിയ ശേഷമാണ് ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുക. ബഹ്‌റൈൻ, അമേരിക്ക, മലേഷ്യ, ഈജിപ്ത്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കുടുങ്ങിയ സൗദി പൗരന്മാരെ റിയാദ്, ജിദ്ദ, ദമാം, മദീന, അൽഖസീം എയർപോർട്ടുകൾ വഴി കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിച്ചിരുന്നു. 

 

 

Latest News