തെങ്ങ് പൊട്ടി വീണ് പ്രവാസിയുടെ ഭാര്യ മരിച്ചു

എടപ്പാള്‍- വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് യുവതി മരിച്ചു. നടുവട്ടം ചെറുപാടത്ത് വളപ്പില്‍ അബ്ദുറഹ് മാന്‍റെയും ഖദീജയുടെയും മകള്‍ അസ്മ (32) ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടില്‍ പോകാനായി വീട്ടുകാരോടൊപ്പം കാറില്‍ കയറിയ ഇവര്‍ അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തു നിന്നിരുന്ന തെങ്ങ് പൊടുന്നനെ പൊട്ടിവീണ് ശരീരത്തില്‍ പതിച്ചത്. നിലവിളികേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിച്ചു.
വീട്ടുമുറ്റത്തുനിന്ന് അല്‍പം അകലെയായിരുന്നു കാര്‍ എന്നത് കുട്ടികള്‍ ഉള്‍പ്പടെയുള്ള മറ്റു കുടുംബാംഗങ്ങള്‍ക്ക് രക്ഷയായി. തിരൂര്‍ പടിഞ്ഞാറേക്കരയിലുള്ള ഭര്‍തൃവീട്ടില്‍നിന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് അസ്മ സ്വന്തം വീട്ടില്‍ എത്തിയത്. ലോക്ഡൗണ്‍ കാരണം തിരിച്ചു പോകാനായിരുന്നില്ല.
മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭര്‍ത്താവ് മുജീബ്‌റഹ്മാന്‍ വിദേശത്താണ്. മക്കള്‍: നസല, നിഹാല്‍, നാദില്‍. (മൂവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: സുബൈര്‍ (ദുബൈ), ഇസ്ഹാഖ് (ഓട്ടോ െ്രെഡവര്‍) ഉനൈസ്, റംല, സ്വാലിഹ, നസീമ.

 

Latest News