ലോക് ഡൗണ്‍ കേസുകള്‍ വര്‍ധിച്ചെങ്കിലും മലപ്പുറത്ത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു

മലപ്പുറം-ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം മലപ്പുറത്ത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. അതേസമയം
പോലീസ് കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചു. 95 ശതമാനം കേസുകളും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ്.
ലോക് ഡൗണ്‍ ആരംഭിച്ച് ഒരു മാസത്തിനകം മലപ്പുറം ജില്ലയില്‍ 3,805 പോലീസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെയാണിത്. 2019 ല്‍ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത് 1,098 കേസുകളായിരുന്നു. ലോക് ഡൗണ്‍ കാലത്ത് കേസുകള്‍ വര്‍ധിച്ചെങ്കിലും സ്ഥിരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം പറഞ്ഞു.
കഴിഞ്ഞ ഒരു മാസക്കാലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 95 ശതമാനവും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ്. 2019 മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 24 വരെ അഞ്ചു പിടിച്ചുപറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം അതു രണ്ടായി കുറഞ്ഞു. അടിപിടി കേസുകള്‍ 25 ല്‍ നിന്ന് ഒന്നായും ബലാത്സംഗ കേസുകള്‍ 16 ല്‍ നിന്ന് ആറായും ഭര്‍തൃപീഡന കേസുകള്‍ 20 ല്‍ നിന്ന് 10 ആയും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 31 വാഹനാപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോക് ഡൗണ്‍ സമയത്ത് മൂന്ന് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 167 ആയിരുന്നത് ഇപ്പോള്‍ 18 ആയി. ആത്മഹത്യകള്‍ 34 ല്‍ നിന്ന് 11 ആയും മിസ്സിംഗ് കേസുകള്‍ 61 ല്‍ നിന്ന് ഒമ്പതായും കുറഞ്ഞു.

 

Latest News