കര്‍ണാടകയില്‍നിന്ന് ആളുകളെ കടത്തുന്നു; ഒരാളെ വയനാട്ടിലെത്തിക്കാന്‍ 5000 രൂപ

കല്‍പറ്റ-ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ദേശവ്യാപകമായി തുടരവെ പണം വാങ്ങി ആളുകളെ കര്‍ണാടകയില്‍നിന്നു വയനാട്ടിലേക്കു കടത്തുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു കലക്ടറേറ്റില്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആള്‍ക്കടത്തുസംഘങ്ങള്‍ ഒരാളെ കര്‍ണാടകയില്‍നിന്നു ജില്ലയിലെത്തിക്കുന്നതിനു 5,000 രൂപ വരെ വാങ്ങുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തികളിലൂടെ ജില്ലയിലേക്കു നുഴഞ്ഞുകയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ചരക്കുവാഹനങ്ങളില്‍ കയറിയും കാട്ടു വഴികളിലൂടെ നടന്നും  ആളുകള്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ അതതു പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. ആളുകള്‍ വരുന്നത് രോഗവ്യാപനത്തിനു ഇടവരുത്തും. അതിര്‍ത്തി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടാക്കരുത്. മാതാപിതാക്കളില്‍ നിന്നു അകന്നുകഴിയുന്ന കുട്ടികളെ ജില്ലയില്‍ തിരികെയെത്തിക്കുന്നതില്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അനധികൃതമായി അതിര്‍ത്തികടന്നെത്തുന്നവര്‍ക്കു വീടുകളില്‍ താമസസൗകര്യം അനുവദിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നു ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്നവര്‍ ചീരാല്‍, പാട്ടവയല്‍, താളൂര്‍ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു അവര്‍ പറഞ്ഞു.

 

Latest News