പ്രവാസി യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് 33 ദിവസത്തിനുശേഷം; സന്നദ്ധ പ്രവര്‍ത്തനവും നടത്തി

കണ്ണൂര്‍-  ഗള്‍ഫില്‍നിന്നെത്തി 33 ദിവസത്തിനു ശേഷം കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാവുന്നു. ഇയാള്‍ ഇതിനകം 22 പേരുമായി നേരിട്ടും 62 പേരുമായി നേരിട്ടല്ലാതെയും ഇടപഴകിയതായാണ് സൂചന.
നിരവധിയാളുകളുമായി സമ്പര്‍ക്കമുണ്ടായതായി തെളിഞ്ഞതോടെ കേളകത്തിനടുത്തെ കണിച്ചാറില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.  
കോവിഡ് സ്ഥിരീകരിച്ച കണിച്ചാര്‍ സ്വദേശിയായ യുവാവാണ് പരിശോധന ഫലം ലഭിക്കുന്നതിനു മുമ്പ് നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. മാര്‍ച്ച് 21 ന് ദുബായില്‍നിന്ന് ഇകെ 568 നമ്പര്‍ വിമാനത്തില്‍ ബംഗളൂരു എയര്‍പോര്‍ട്ടില്‍ ഇറങ്ങിയശേഷം ബസില്‍ 22 ന് ഇരിട്ടി ടൗണിലും ഓട്ടോറിക്ഷയില്‍ കണിച്ചാറിലെ വീട്ടിലുമെത്തി. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് നിരീക്ഷണ സമയത്ത് ബൈക്കില്‍ സുഹൃത്തുക്കളെ കാണാന്‍ പോയതായി പറയുന്നു. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു.
യുവാവിനൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിശോധന ഫലം പോസ്റ്റീവായതിനാല്‍ ഏപ്രില്‍ ഒന്നിന് യുവാവിനെ അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെത്തിച്ച് പരിശോധനയ്ക്കായി സ്രവം എടുത്ത് തിരികെ വീട്ടിലെത്തിച്ചു. ഫലം വരുന്നതിനു മുമ്പ് 21 ന് യുവാവ് കണിച്ചാര്‍ ടൗണിലെ മാവേലി സ്‌റ്റോറിലും സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റ് പായ്ക്ക് ചെയ്യുന്ന സ്ഥലത്തുമെത്തി സന്നദ്ധ പ്രവര്‍ത്തനം നടത്തി.
മാവേലി സ്‌റ്റോര്‍ ജീവനക്കാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുമടക്കം ഒമ്പത് പേര്‍ ആ സമയത്ത് പായ്ക്കിങ്ങ് കേന്ദ്രത്തിലുണ്ടായിരുന്നു.

 

Latest News