ജയ്പൂര്‍- രാജസ്ഥാനില്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളോട് ലോക്ക്ഡൗണിനിടെ സ്വന്തം ചെലവില്‍ സ്വദേശമായ പശ്ചിമബംഗാളിലേക്ക് മടങ്ങാന്‍ അധികൃതരുടെ നിര്‍ദ്ദേശം. നേരത്തേ ഇറാനില്‍നിന്ന് തിരിച്ചെത്തി രാജസ്ഥാനിലെ ജയ്സാൽമീറില്‍ സൈന്യത്തിന്റെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നാല്‍പത് ദിവസം പൂര്‍ത്തിയാക്കി രണ്ട് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ 2000 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്താന്‍ വഴി തേടുന്നത്. ഇറാനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിച്ച തീര്‍ത്ഥാടകര്‍ അടക്കമുള്ള കശ്മീരി സംഘത്തിന് തിരിച്ചുപോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെങ്കിലും തങ്ങളോട് സ്വന്തം വഴിതേടാനാണ് അധികൃതര്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികളിലൊരാളായ മിന്‍ഹാജ് ആലം പറയുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേക അനുമതിയോടെ ടാക്സി സര്‍വീസ് ഉപയോഗപ്പെടുത്താമെങ്കിലും പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലല്‍, 2000 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്താന്‍ 60,000 രൂപയില്‍ കൂടുതലാണ് ആവശ്യപ്പെടുന്നതെന്ന് മിന്‍ഹാജ് പറയുന്നു.
"എന്നോടൊപ്പം മടങ്ങിയെത്തിയ തീർത്ഥാടകരെയും കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെയും നാട്ടിലേക്ക് അയയ്ക്കുന്നു, പക്ഷേ എന്നോട് സ്വമേധയാ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഈ വിവേചനം? പൂർണ്ണ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പ് പ്രോഗ്രാമിൽ ഞാൻ ഇറാനിൽ പഠിക്കാൻ പോയി. എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 60,000 രൂപ ചെലവഴിക്കാൻ എനിക്ക് കഴിയില്ല. സർക്കാർ എന്തെങ്കിലും സൗകര്യങ്ങള്‍ ചെയ്തുതരുമെന്നാണ് എന്റെ പ്രതീക്ഷ.”അദ്ദേഹം പറഞ്ഞു.
മിഹാജിനൊപ്പം മടങ്ങിയെത്തിയ ബീഹാറില്‍നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയോടും ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്നുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ആഭ്യന്തരവകുപ്പാണ് തീരുമാനിക്കുന്നതെന്ന് പ്രതിരോധ വക്താവ് കേണൽ സോംബിറ്റ് ഘോഷ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് 'ഇത് സംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ല' എന്നാണ് ആഭ്യന്തര മന്ത്രാലയ വക്താവ് വാസുധ ഗുപ്തയുടെ പ്രതികരണം.






