പ്രവാസികളെ മടക്കികൊണ്ടുവരാന്‍ ആലോചന; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂദല്‍ഹി- കൊറോണയെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി മുഴുവന്‍ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ സ്വീകരിക്കുന്ന തയ്യാറെടുപ്പുകളും നടപടികളെയും കുറിച്ചാണ് കത്തിലൂടെ ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് കാബിനറ്റ് സെക്രട്ടറി രാജിവ് ഗോബ നേതൃത്വം നല്‍കും. വിദേശങ്ങളിലുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും കണക്കുകള്‍ എംബസികള്‍ മുഖേന സര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം കേരളം മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും സ്വീകരിച്ചു കഴിഞ്ഞതായി നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് കേന്ദ്രത്തിനോട് കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കെഎംസിസിയുടെ ഹരജിയില്‍ കേരളം മാത്രമാണ് പ്രവാസികളുടെ തിരിച്ചുവരവിന് ആവശ്യപ്പെടുന്നതെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യങ്ങളാണ്  ഒരുക്കുക. മടങ്ങിവരുന്ന മുഴുവന്‍ പേരെയും ക്വാറന്റൈന്‍
ചെയ്യാന്‍ സൗകര്യങ്ങളൊരുക്കും. ഇതിനായി താമസസൗകര്യം  കണ്ടെത്തിയതായും കേരളസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കൂടി പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Latest News