Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയിൽ മൂന്ന് പേർ കൂടി കോവിഡ് വിമുക്തരായി

മലപ്പുറം- കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം മൂന്ന് പേർ കൂടി മലപ്പുറം ജില്ലയിൽ രോഗ വിമുക്തരായി. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് ഇവരെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ രോഗമുക്തരായി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നവർ നാലായി. രണ്ട് പേർ മാത്രമാണ് കോവിഡ് ബാധിതരായി നിലവിൽ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിൽ തുടരുന്നത്.
തിരൂർ തെക്കൻ പുല്ലൂർ സ്വദേശിയായ 39 കാരൻ, നിലമ്പൂർ ചുങ്കത്തറ സ്വദേശി 30 കാരൻ, വേങ്ങര കണ്ണമംഗലം സ്വദേശി 45 വയസ്സുള്ള വീട്ടമ്മ എന്നിവരാണ് കോവിഡ് വിമുക്തരായതായി ഇന്നലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. വേങ്ങര കൂരിയാട് സ്വദേശിയായ 63 കാരനും രോഗം ഭേദമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുന്നുണ്ട്. കൂടുതൽ നിരീക്ഷണങ്ങൾക്കു ശേഷം ആരോഗ്യ സ്ഥിതി പൂർണ്ണമായും തൃപ്തികരമാവുന്ന മുറക്ക് ഇവർ നാല് പേരും വീടുകളിലേക്കു മടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.
നിലവിൽ രണ്ട് പേർ മാത്രമാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ ബാധിതരായി ഐസൊലേഷനിൽ തുടരുന്നത്. ഇവർക്ക് വിദഗ്ധ ചികിത്സ തുടരുകയാണ്. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകൾ നാലുമാസം പ്രായമുള്ള കുട്ടി മാത്രമാണ് കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. ഇതുവരെ 17 പേർ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗ വിമുക്തരായി. ഇതിൽ ഒരാൾ രോഗ വിമുക്തനായ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 12 പേർ ഇതിനകം ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങി.
 

Latest News