ഭോപ്പാല്‍- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മധ്യപ്രദേശുകാരായ തൊഴിലാളികളെ തിരികെ നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍തന്നെ താമസിക്കണമെന്നും ജോലി സാധ്യതകള്‍ കണ്ടെത്തണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അതിനിടയിലാണ് സ്വന്തം തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് അവരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശില്‍നിന്ന് പോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശില്‍ കുടുങ്ങിയ മറ്റു സംസ്ഥാനക്കാരെ അവരുടെ സ്ഥലങ്ങളിലേക്ക് പോകാനും അനുവദിക്കും. സ്വന്തം വാഹന സൗകര്യമോ സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന വാഹനങ്ങളോ ഇതിനായി ഉപയോഗിക്കണം.






