ലണ്ടന്‍- മനുഷ്യരാശിക്ക് പ്രതീക്ഷയേകി ബ്രിട്ടനില്‍ കോവിഡ് വാക്‌സിന്‍ ട്രയല്‍ തുടങ്ങി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു. പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട 800 വോളന്റിയര്‍മാരില്‍ രണ്ടുപേരിലാണ് വ്യാഴാഴ്ച വാക്‌സിന്‍ കുത്തിവച്ചത്. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നല്‍കിയത്. ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞ കൂടിയായ യുവതി വ്യക്തമാക്കി. മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വാക്‌സിനോളജി പ്രൊഫ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
ഓക്‌സ്‌ഫോര്‍ഡില്‍ വികസിപ്പിച്ച വാക്‌സിന്റെ വിജയത്തില്‍ എണ്‍പതു ശതമാനവും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നാണ് പ്രഫ. ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വളന്റിയര്‍മാരില്‍ വരും മാസങ്ങളില്‍ വാക്‌സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയല്‍സ് നടത്തും. ട്രയല്‍സിന് വിധേയരാകുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയരാക്കും. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാല്‍ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്. പരീക്ഷണം വിജയകരമായാല്‍ സെപ്തംബര്‍ മാസത്തോടെ പത്തുലക്ഷം ഡോസുകള്‍ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്നത്.
കൊറോണ വൈറസിന്റെ ഒരു ഭാഗം വഹിക്കാന്‍ ജനിതകമായി രൂപകല്‍പ്പന ചെയ്ത നിരുപദ്രവകരമായ ചിമ്പാന്‍സി വൈറസില്‍ നിന്നാണ് വാക്‌സിന്‍ ഓക്‌സ്‌ഫോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. വാക്‌സിന്‍ ഉണ്ടാക്കുന്നതിനായി യുകെയിലെ നിര്‍മ്മാതാക്കളുമായും വിദേശത്ത് നിരവധി പേരുമായും ഇതിനകം ഡീലുകള്‍ നടത്തി. മെയ് പകുതിയോടെ 500 പേര്‍ വരെ ട്രയലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ടീമിലെ പ്രൊഫ സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു.