എറണാകുളത്ത് 146 പേർ കൂടി നിരീക്ഷണത്തിൽ

കൊച്ചി- കോവിഡ്19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  272 ആയി ഉയർന്നു. ഇന്നലെ വീടുകളിൽ നിരീക്ഷണത്തിനായി 146   പേരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഇതിൽ 23 പേർ ഏപ്രിൽ 21 ന് പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിൽ എത്തിയ 48 പേരും ഇന്നലെ നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിലുള്ള 76  പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും 196  പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്. ഇന്നലെ പുതുതായി 9 പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ 3 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാളെ  ആലുവ ജില്ലാ ആശുപത്രിയിലും 5  പേരെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്.  

നിലവിൽ 22 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 5 പേരും ആലുവ ജില്ലാ ആശുപത്രിയിൽ  3 പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ 2 പേരും സ്വകാര്യ ആശുപത്രികളിൽ 12  പേരും നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ ജില്ലയിൽ നിന്നും 60 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 30 സാമ്പിളുകളുടെ  പരിശോധനാ ഫലങ്ങൾ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 79  സാമ്പിൾ പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. സമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന സർക്കാർ നിർദേശ പ്രകാരം മരട്, കളമശ്ശേരി എന്നിവിടങ്ങളിൽ നിന്നും 10 പേരുടെ വീതം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പോസിറ്റീവ് കേസുമായി സമ്പർക്കം ഉണ്ടാകാത്തവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിൽസ തേടിയവർ,   കോവിഡ് രോഗ പരിശോധനയുമായോ ചികിൽസയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ നിന്നും തെരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 27  പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററിലാണ്. ഇന്നലെ  കൊച്ചി തുറമുഖത്ത് ഒരു കപ്പലാണ് എത്തിയത്. അതിലെ 25 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല.  

Latest News