രാജ്യത്ത്‌ ഇന്ന് 37 കോവിഡ് മരണങ്ങള്‍, 1,752 പുതിയ കേസുകള്‍

ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37 പേര്‍ കോവിഡ് 19 മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 1,752 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് 19 ബാധിതരുടെ ആകെ എണ്ണം 23,452 ആയി. ഇതില്‍ 17,915 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 723 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് ഇന്ത്യയില്‍ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്

അതേസമയം രാജ്യത്ത് കോവിഡ് രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 4,814 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തിയുടെ നിരക്ക് 20.57 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രാജ്യത്തെ 15 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ രണ്ടാഴ്ചയായി പുതുതായി വൈറസ് ബാധിതര്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനവും മാരണവും സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ചുവടെ:

1. മഹാരാഷ്ട്ര:- രോഗികള്‍ 6430, മരണം 283.
2. ഗുജറാത്ത്:- രോഗികള്‍ 2624, മരണം 112.
3. ദല്‍ഹി:- രോഗികള്‍ 2376, മരണം 50.
4. രാജസ്ഥാന്‍:- രോഗികള്‍ 1964, മരണം 27 .
6. മധ്യപ്രദേശ്:- രോഗികള്‍ 1852, മരണം 83.
6. തമിഴ്നാട്:- രോഗികള്‍ 1683, മരണം 20.
7. ഉത്തര്‍പ്രദേശ്:- രോഗികള്‍ 1604, മരണം 24.
8. തെലങ്കാന:- രോഗികള്‍ 984, മരണം 26.
9. ആന്ധ്രപ്രദേശ്:- രോഗികള്‍ 955, മരണം 29.
10. പശ്ചിമ ബംഗാള്‍:- രോഗികള്‍ 514, മരണം 18*.
11. കര്‍ണാടക:- രോഗികള്‍ 463, മരണം 18.
12. കേരളം:- രോഗികള്‍ 448, മരണം 4.

* പശ്ചിമ ബംഗാളിലെ കണക്കുകളില്‍ ഇപ്പൊഴും മരണ നിരക്ക് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല. ഇന്ന് സംസ്ഥാന ഡെത്ത് ഓഡിറ്റ് കമ്മിറ്റി പശ്ചിമബംഗാളില്‍ മരിച്ച 57 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായതായിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഇതില്‍ 38 പേര്‍ നേരത്തേ മറ്റ് അസുഖങ്ങളുള്ളവരാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ ആകെ മരണങ്ങളുടെ കണക്കില്‍നിന്ന് ഇവ ഒഴിവാക്കിയാണ് ബംഗാള്‍ മരണനിരക്ക് പ്രസിദ്ധീകരിച്ചതെന്ന് കരുതുന്നു.

Latest News