Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വെള്ളമടി പരിശോധന'യിൽ നിന്ന് ഒഴിഞ്ഞു മാറിയ പൈലറ്റുമാർക്കെതിരായ നടപടി; പൈലറ്റുമാരുടെ സംഘടന സമരത്തിനൊരുങ്ങുന്നു

മുംബൈ- ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ നടത്തുന്ന നിർബന്ധിത പരിശോധനയിൽ നിന്ന് ഒഴിഞ്ഞു മാറിയതിന്റെ പേരിൽ എയർ ഇന്ത്യയുടെ 132 പൈലറ്റുമാർക്കും 434 വിമാന ജീവനക്കാർക്കുമെതിരെ ഡി.ജി.സി.എ കടുത്ത അച്ചടക്ക നടപടിക്കൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടന രംഗത്ത്. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷൻ (ഐ.സി.പി.എ) ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥനെതിരെ സമരം നടത്തുമെന്ന ഭീഷണി മുഴക്കി. ഏതെങ്കിലും ഒരു പൈലറ്റിനെതിരെ നടപടി ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നാണ് പൈലറ്റുമാരുടെ മുന്നറിയിപ്പ്.

ഡിജിസിഎ ആരോപിക്കുന്ന വീഴ്ച എയർ ഇന്ത്യയുടേയൊ പൈലറ്റുമാരുടെയോ പിഴവ് കൊണ്ടല്ലെന്നും ചട്ടങ്ങളിലുള്ള അവ്യക്തത കൊണ്ടാണെന്നും പൈലറ്റുമാർ ആരോപിച്ചു. 'പൈലറ്റുമാരുടെ പറക്കൽ കഴിഞ്ഞുള്ള വൈദ്യപരിശോധനയ്ക്കായി ട്രാൻസിറ്റ് സ്‌റ്റേഷനുകളിൽ മെഡിക്കൽ സംവിധാനം ഒരുക്കാത്ത പിഴവ് സമ്മതിച്ച് എയർ ഇന്ത്യ മേധാവി ഡിജിസിഎക്ക് എഴുതിയിട്ടുണ്ട്. എന്നിട്ടും ഡിജിസിഎ പൈലറ്റുമാരുടെ ലൈസൻസുകൾ ഘട്ടങ്ങളായി സസ്‌പെൻഡ് ചെയ്യാൻ ഒരുങ്ങുകയാണ്,' ഐസിപിഎ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ടി പ്രവീൺ കീർത്തി ഒരു പ്രസ്താവനയിൽ ആരോപിച്ചു.

രണ്ടു ചെറിയ വിമാനങ്ങൾ മാത്രമാണ് ഒരു ഡിജിസിഎ ഉദ്യോഗസ്ഥൻ നടപടിക്കായി പരിഗണിച്ചതെന്നും വലിയ വിമാനങ്ങളെ പരിഗണിച്ചില്ലെന്നും അവർ ആരോപിച്ചു. 'കഴിഞ്ഞ ഏതാനും മാസങ്ങളിലെ മാത്രം വിവരം വച്ചാണ് ഈ ഉദ്യോഗസ്ഥൻ നടപടിക്കുള്ള നീക്കങ്ങൾ നടത്തിയത്. വ്യോമയാന ചട്ടങ്ങൾ (സിവിൽ ഏവിയേഷൻ റിക്വയർമെന്റ് സിഎആർ) ഡിജിസിഎ നടപ്പിലാക്കിയ അന്നുമുതലുള്ള വിവരങ്ങൾ പരിണിച്ചിട്ടില്ല.  സിഎആർ പ്രകാരം വിവിധ ഘട്ടങ്ങളായി പൈലറ്റുമാരുടെ ലൈൻസസ് റദ്ദാക്കാനുള്ള വകുപ്പില്ല. ഈ നീക്കങ്ങളൊക്കെ സൂചിപ്പിക്കുന്നത് ഒരു വിഭാഗം പൈലറ്റുമാരെ മാത്രം ഇരകളാക്കാനുള്ള ഡിജിസിഎയുടെ നീക്കമാണ്. സ്വന്തം പിഴവ് കൊണ്ടല്ലാതെ ഏതെങ്കിലും പൈലറ്റ് ഡിജിസിഎ നടപടിക്ക് ഇരയാക്കപ്പെട്ടാൽ ഞങ്ങൾ ഒറ്റക്കെട്ടായി ഈ ഡിജിസിഎ ഉ്‌ദ്യോഗസ്ഥനെതിരെ സമരത്തിനിറങ്ങും,' ക്യാപ്റ്റൻ കീർത്തി വ്യക്തമാക്കി.  

സുരക്ഷാ ചട്ടങ്ങളുടെ ഭാഗമായി വിമാനം പറക്കുന്നതിനു മുമ്പും ലാൻഡ് ചെയ്ത ശേഷവും പൈലറ്റുമാരും വിമാന ജീവനക്കാരും ബ്രെത്ത് അനലൈസർ ഉപയോഗിച്ചുള്ള മദ്യപാന പരിശോധനയ്ക്ക് വിധേയരാകണം. എന്നാൽ സിംഗപൂർ, കുവൈറ്റ്, ബാങ്കോക്, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കും തിരിച്ചും പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങളിലെ ജീവനക്കാർ ഈ പരിശോധനയിൽ നിന്ന് ഒഴിഞ്ഞു മാറുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎ കടുത്ത നടപടിക്കൊരുങ്ങിയത്. 

ഈ സുരക്ഷാ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ഡിജിസിഎ എയർ ഇന്ത്യയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു. വിമാനം പറത്തൽ ചട്ടങ്ങൾ പ്രകാരം വിമാനം പറന്നുയരുന്നതിന്  12 മണിക്കൂർ മുമ്പ് പൈലറ്റുമാരോ ജീവനക്കാരോ മദ്യപിക്കാൻ പാടില്ല. ഈ നിയമങ്ങൾ കാറ്റിൽ പറത്തിയ 600ഓളം ജീവനക്കാർ നടപടിക്ക് വിധേയരാകുന്നതോടെ എയർ ഇന്ത്യയുടെ സർവീസുകളെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. കോടികളുടെ നഷ്ടത്തിൽ പറക്കുന്ന കമ്പനിക്ക് ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് നഷ്ടമാകുന്നത് വലിയ പ്രതിസന്ധിയാകും. ബ്രെത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാകാൻ വിസമ്മതിച്ച എയർ ഇന്ത്യയുടെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അരവിന്ദ് കാഠ്പാലിയയുടെ പൈലറ്റ് ലൈസൻസ് ഫെബ്രുവരിയിൽ ഡിജിസിഎ മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തിരുന്നു.
 

Latest News