സ്പ്രിൻക്ലർ കരാറിന് ഉപാധികളോടെ അനുമതി; സ്വകാര്യത ലംഘിച്ചാല്‍ വിലക്കുമെന്ന് ഹൈക്കോടതി

കൊച്ചി- വിവാദമായ സ്പ്രിൻക്ലർ കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

സ്പ്രിൻക്ലർ കമ്പനിയെ കരാര്‍ നല്‍കാന്‍ എങ്ങനെ തിരഞ്ഞെടുത്തെന്നു വ്യക്തമല്ലന്നത് ചൂണ്ടിക്കാട്ടിയ കോടതി പലകാര്യങ്ങളിലും ആശങ്കയുണ്ടെന്നും സർക്കാർ നടപടികൾ തൃപ്തികരമല്ലെന്നും കുറ്റപ്പെടുത്തി. രോഗത്തെക്കാൾ മോശമായ രോഗ പരിഹാരമാണോ സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും കോടതി ആരാഞ്ഞു.
 
കമ്പനിയുടെ സോഫ്റ്റ്‌വെയറിൽ ഡാറ്റ അപ്പ്‌ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുത്, വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കണം, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് കരാറുമായി മുന്നോട്ടുപോകാൻ സര്‍ക്കരിനെ അനുവദിച്ചിരിക്കുന്നത്.
 

Latest News