Sorry, you need to enable JavaScript to visit this website.

വിമാന യാത്രയിൽ അപമര്യാദയായി പെരുമാറിയാൽ വിലക്ക്; നോ ഫ്‌ളൈ ലിസ്റ്റ് ഇന്ത്യയിൽ പ്രാബല്യത്തിൽ

ന്യൂദൽഹി - വിമാന യാത്രക്കിടെ നിയമലംഘനം നടത്തുന്ന യാത്രക്കാർക്ക് മൂന്ന് തലങ്ങളിലായുള്ള ശിക്ഷ ഏർപ്പെടുത്തുന്ന ദേശീയ വിമാനയാത്രാ വിലക്കു പട്ടിക (നോ ഫ്‌ളൈ ലിസ്റ്റ്) കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ഇതു പ്രകാരം വിമാനയാത്രയ്ക്കിടെ അപരമര്യാദയായി പെറുമാറുകയോ അതിക്രമം കാട്ടുകയോ ചെയ്താൽ ചുരുങ്ങിയത് മൂന്ന് മാസം വരെ വിമാനയാത്രകളിൽ നിന്ന് വിലക്കപ്പെടും. കുറ്റക്കാരായ യാത്രക്കാരെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പിന്നെ നിശ്ചിത കാലയളവിൽ ഇവർക്ക് വിമാന യാത്ര ചെയ്യാൻ കഴിയില്ല.

യാത്രക്കാരുടെ പേരു വിവരങ്ങൾ ശരിയായി രേഖപ്പെടുത്താൻ ഇനി മുതൽ ടിക്കറ്റെടുക്കുമ്പോൾ ആധാർ,ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കേണ്ടത് നിർബന്ധമാണ്. മറ്റു പേരുകളിൽ ഇനി യാത്ര ചെയ്യാൻ കഴിയില്ല. കുറ്റക്കാരെ വേഗത്തിൽ കണ്ടു പിടിച്ച് വിലക്കേർപ്പെടുത്താൻ ഈ സംവിധാനത്തിലൂടെ കഴിയും. 

ലെവൽ ഒന്നിൽ ഉൾപ്പെടുന്ന കുറ്റങ്ങൾ ഇവയാണ്:

അച്ചടക്കമില്ലാത്ത ആംഗ്യങ്ങളും ശാരീരിക ചലനങ്ങളും. മോശം വാക് പ്രയോഗം, അമിത മദ്യപാനം. ഈ കുറ്റങ്ങൽക്ക് മൂന്ന് മാസം വരെ വിലക്കായിരിക്കും ശിക്ഷ

തള്ളുക, അടിക്കുക, ചവിട്ടുക, മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുക എന്നീ കുറ്റങ്ങൾ ലെവൽ രണ്ടിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് ആറു മാസം വരെയാണ് യാത്രാ വിലക്ക്. 

വധഭീഷണി, അതിക്രമങ്ങൾ, വിമാനത്തിനുള്ളിലെ സംവിധാനങ്ങൾ നശിപ്പിക്കൽ തുടങ്ങിയവയാണ് ഏറ്റവും കടുത്ത കുറ്റങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് രണ്ടു വർഷം വരെ യാത്രാ വിലക്കേർപ്പെടുത്തും.

കുറ്റകൃത്യം നടന്ന് ഒരു മാസത്തിനകം മുൻ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയായിരിക്കും ശിക്ഷ തീരുമാനിക്കുക. നിലവിലുള്ള നിയമ സംവിധാനങ്ങൾ അനുസരിച്ചുള്ള നടപടികൾക്കു പുറമെയായിരിക്കും ഈ യാത്രാ വിലക്കെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വ്യക്തമാക്കി.
 

Latest News