Sorry, you need to enable JavaScript to visit this website.

ജീവനക്കാരുടെ ഡിഎ മരവിപ്പിക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതം; ആദ്യം സ്വന്തം ചെലവ് വെട്ടിക്കുറക്കണമെന്ന് മോഡിയോട് കോണ്‍ഗ്രസ്

ന്യൂദൽഹി- ജീവനക്കാരുടെ ഡിഎ മരവിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവേകശൂന്യവും മനുഷ്യത്വരഹിതവുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവനക്കാരെയും പെന്‍ഷന്‍കാരെയും ബുദ്ധിമുട്ടിക്കുന്നതിന് പകരം കൊറോണ ഫണ്ട് കണ്ടെത്താന്‍ ബുള്ളറ്റ് ടെയിന്‍ പദ്ധതികളും സെൻട്രൽ വിസ്റ്റ പുനര്‍നിര്‍മാണ പദ്ധതിയും വൈകിപ്പിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

"രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പൊതുജനങ്ങളെ സേവിക്കുന്ന കേന്ദ്ര ജീവനക്കാർ, പെൻഷൻകാർ, ജവാൻമാർ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്. പകരം, ബുള്ളറ്റ് ട്രെയിൻ പദ്ധതിയും സെൻട്രൽ വിസ്റ്റ സൗന്ദര്യവൽക്കരണ പദ്ധതിയും താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് വേണ്ടത്" രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പോരാടുന്നതിന് പണം ലാഭിക്കാൻ സ്വന്തം ചെലവിന്റെ 30 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും സെൻട്രൽ വിസ്റ്റ പുനർവികസന, ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഉപേക്ഷിക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സർജേവാലയും സർക്കാരിനോട് ആവശ്യപ്പെട്ടു.

"ഈ പ്രതിസന്ധിയിൽ സാമ്പത്തിക സഹായം നൽകി ജനങ്ങളെ സഹായിക്കുന്നതിനുപകരം സർക്കാർ അവരെ നോവിക്കുകയാണ്. സ്വന്തം പാഴ്ചെലവുകൾ കുറയ്ക്കുന്നതിനുപകരം സർക്കാർ മധ്യവർഗത്തിന്റെ പണം വെട്ടിക്കുറയ്ക്കുകയാണ്" സർജേവാല ഒരു ഓൺലൈൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. രാജ്യത്തെ 1.1 കോടി ജീവനക്കാരേയും പെൻഷൻകാരേയുമാണ് ഇത് ബാധിക്കുക. 1.2 ലക്ഷം കോടി രൂപ ഇതുവഴി ലാഭിക്കാൻ കഴിയുമെന്ന് സര്‍ക്കാര്‍ പറയുന്നു.

Latest News