വാഷിംഗ്ടൺ- ശക്തിയായ പ്രകാശമോ അൾട്രാ വയലറ്റ് രശ്മികളോ ശരീരത്തിന് അകത്തേക്ക് ഇൻജക്റ്റ് ചെയ്ത് കൊറോണ വൈറസിനെ കൊല്ലാനാകുമോ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ചോദിച്ചത്. അണുനാശിനി കൊണ്ട് കൈ കഴുകിയാൽ വൈറസ് നശിക്കും എന്ന് പറയുന്നു. ഈ അണുനാശിനി ഉപയോഗിച്ച് കൊറോണ ബാധിച്ച ശ്വാസകോശങ്ങൾ കഴുകി വ്യത്തിയാക്കി കോവിഡ് രോഗികളെ രക്ഷിക്കാനാകുമോ എന്ന് പരീക്ഷിച്ചുകൂടേയെന്നും ട്രംപ് ചോദിച്ചു. ഡോക്ടർമാരോടായിരുന്നു ട്രംപിന്റെ ചോദ്യം. അതേസമയം, ട്രംപിന്റെ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നുകഴിഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമർശം. സയൻസ് ആന്റ് ടെക്‌നോളജി ഉപദേശകൻ വില്യം ബ്രാൻ പത്രസമ്മേളനം പൂർത്തിയാക്കിയ ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോർഡിനേറ്റർ ഡോ. ഡെബ്രോ ബ്രിക്‌സും കൂടെയുണ്ടായിരുന്നു.
അതേസമയം, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ തള്ളിയും ട്രംപ് രംഗത്തെത്തി. കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത തെറ്റാണെന്നും ഇത് അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എന്നിന്റെ വ്യാജ വാർത്തയാണെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. അതേ സമയം കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഉത്തരകൊറിയയിൽ നിന്നും ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ടോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.' സി.എൻ.എന്നിന്റെ വ്യാജവാർത്തയാണിതെന്ന് ഞാൻ കരുതുന്നു,' ട്രംപ് പറഞ്ഞു. ഒപ്പം അവർ പഴയ രേഖകളാണ് ഉപയോഗിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. നേരത്തെ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ അറിയില്ലെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.