Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്പ്രിംക്ലർ: ബി.ജെ.പി കേരള ഘടകത്തിൽ ഭിന്നത

  • വിജിലൻസ് അന്വേഷിച്ചാൽ മതിയെന്ന് കെ. സുരേന്ദ്രൻ
  • സി.ബി.ഐ വരണമെന്ന് കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം - സ്പ്രിംക്ലർ വിവാദത്തെച്ചൊല്ലി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന ബി.ജെ.പിയിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു.
വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തയ്യാറാകാത്തതാണ് കൃഷ്ണദാസ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് സുരേന്ദ്രനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തെത്തി. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്നാണ് എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. എന്നാൽ രമേശ് കാര്യങ്ങൾ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ നിരാകരിക്കപ്പെട്ടേക്കാം. പ്രാഥമിക ഘട്ടത്തിൽ തന്നെ സി.ബി.ഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് കരാർ റദ്ദാക്കണമെന്നാണ്. വിവരങ്ങൾ ചോരാതിരിക്കാൻ സുരക്ഷിതത്വം ഉറപ്പാക്കണം. അഴിമതിയുണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കട്ടെ. പ്രതിപക്ഷ നേതാവ് പോലും ഹൈക്കോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന കാര്യം ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.


എന്നാൽ സ്പ്രിംക്ലർ ഇടപാടിൽ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യമെന്ന് എം.ടി. രമേശ് ചോദിക്കുന്നു. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സി.ബി.ഐക്കും എൻ.ഐ.എയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത് എന്നുമായിരുന്നു രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 


സ്പ്രിംക്ലർ കരാർ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.എൻ. രാധാകൃഷ്ണനും രംഗത്തെത്തി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് പ്രസക്തിയില്ല. അത് കള്ളന് താക്കോൽ നൽകുന്നതു പോലെയാണ്. പിണറായിയുടെ കീഴിലാണ് വിജിലൻസുള്ളത്. എ.കെ.ജി സെന്റർ പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. 


സ്പ്രിംക്ലറുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഒടുവിൽ സി.പി.എമ്മുമായി ഒത്തുതീർപ്പിന് വഴങ്ങിയാലും കേസുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്ന് മുൻ ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങൾ ഉറച്ച നിലപാടെടുത്ത് മുന്നോട്ട് പോകുന്നതിനിടെ, കെ. സുരേന്ദ്രൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിൽ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. കോവിഡ് പ്രതിരോധ നടപടികളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാറിനെയും പ്രകീർത്തിച്ച കെ. സുരേന്ദ്രൻ, യു.ഡി.എഫിനെ നിശിതമായി വിമർശിച്ച് രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. അതേസമയം അധ്യക്ഷ പദവി മോഹിച്ചു നഷ്ടമായവരുടെ കലാപമെന്ന നിലയിൽ മാത്രമാണ് ഈ വിഷയത്തെ സുരേന്ദ്രനും കൂട്ടരും നോക്കിക്കാണുന്നത്. കോവിഡ് കാലത്ത് രാഷ്ട്രീയ വിവാദത്തേക്കാൾ ഉപരി ഭരിക്കുന്നവരുമായി സഹകരിക്കാനാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ അടക്കം സംസ്ഥാന നേതാക്കൾക്ക് നൽകിയതെന്ന കാര്യവും സുരേന്ദ്രൻ വിഭാഗം ചൂണ്ടിക്കാട്ടുന്നു. 

Latest News