കണ്ണൂർ - തുടർച്ചയായി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തം. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2592 ആയി. 110 പേർ ആശുപത്രിയിലും 2482 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 52 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ മൂന്ന് പേരും ജില്ലാ ആശുപത്രിയിൽ 23 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 32 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. നിലവിൽ ജില്ലയിൽ 111 പോസിറ്റീവ് കേസുകളുണ്ട്.
ഇതുവരെ 2546 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2283 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 2125 എണ്ണം നെഗറ്റീവാണ്. 263 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസിറ്റീവ് ആയത് 55 എണ്ണം.
ജില്ലയിൽ നിലവിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ ടി.വി. സുഭാഷ് വ്യക്തമാക്കി.
വൈകി രോഗം സ്ഥിരീകരിക്കുന്ന സംഭവം ആരോഗ്യ വകുപ്പ് വിദഗ്ധർ പരിശോധിക്കുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലാ അതിർത്തികളെല്ലാം അടച്ച് ഇതര ജില്ലകളിൽനിന്ന് പോലും കണ്ണൂരേക്ക് ഒരാളും വരുന്നില്ലെന്ന് ഉറപ്പുവരുന്നു. രോഗികളും രോഗ സാധ്യതയുള്ളവരും കൂടുതലുള്ള ജില്ലയിലെ 24 ഹോട്ട്സ്പോട്ടുകളിലേക്ക് പോകാനും വരാനും ഒരു വഴി മാത്രമാണ് അനുവദിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര അനുവദിക്കുന്നില്ല. മെഡിക്കൽ ഷോപ്പുകൾക്കും കെ.എസ്.ഇ.ബിക്കും വാട്ടർ അതോറിറ്റിക്കും മാത്രമാണ് ഇവിടങ്ങളിൽ പ്രവർത്തനം അനുവദിക്കുന്നത്. കൊറോണ ബാധിതരുമായി അടുത്ത ബന്ധം പുലർത്തിയവരുടെ വീടുകളുടെ അതിർത്തി അടച്ച് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക് ഡൗൺ ലംഘിച്ചു പുറത്തിറങ്ങുന്നവരെ കൊറോണ കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നു. നിയന്ത്രണം കടുപ്പിച്ചതോടെ ആളുകൾ വീടിന് പുറത്തിറങ്ങുന്നതിനും വലിയ കുറവ് വന്നിട്ടുണ്ട്.






