Sorry, you need to enable JavaScript to visit this website.

ആ വെടിയുണ്ടകൾ പറയുന്നത്

അപകട മുനമ്പിലായ ജനാധിപത്യത്തെയും സഹിഷ്ണുതയുടെ പാരമ്പര്യത്തെയും സംരക്ഷിക്കാൻ സാംസ്‌കാരിക പ്രതിരോധം തീർക്കുന്നവർക്കെതിരെ വിദ്വേഷത്തിന്റെ വെടിയുണ്ടകൾ പാഞ്ഞുവരുന്നു. സ്വതന്ത്ര ചിന്തയുടെ തിരുനെറ്റിയിലേൽക്കുന്ന ഫാസിസത്തിന്റെ വെടിയടയാളങ്ങൾ ആപത്‌സൂചനയുടെ കറുത്ത പാടുകളാണ്. ഭീതിയുടെ വ്യാപാരികൾ നിഴൽ വിരിക്കുമ്പോൾ ആശയുടെ അവസാന കിരണവും കെട്ടുപോകുന്നു.

വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതൽ. ഏകശിലാരൂപമായ സാമൂഹിക ഘടനയിൽ വിശ്വസിക്കുന്നവർ അസഹിഷ്ണുക്കൾ മാത്രമല്ല, ഫാസിസത്തിന്റെ പ്രയോക്താക്കൾ കൂടിയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ, ഇന്ത്യയിൽ അസഹിഷ്ണുതയും വിമത ശബ്ദങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും വലിയ തോതിൽ വർധിക്കുന്നതായി കണക്കുകൾ പറയുന്നു. സ്വതന്ത്ര ചിന്തകരിലും സാംസ്‌കാരിക പ്രവർത്തകരിലും ഭീതി പരത്തി നിശ്ശബ്ദരാക്കാനുള്ള ഗൂഢാലോചന അണിയറയിൽ സജീവമാണെന്ന സൂചനയാണ് ബാംഗ്ലൂർ നഗര മധ്യത്തിൽ ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവർത്തകയുടെ നിഷ്ഠുര കൊലപാതകം നൽകുന്നത്.
ധബോൽകർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുർഗി എന്നിവരുടെ പേരുകളോടൊപ്പം ഗൗരി ലങ്കേഷിന്റെ നാമധേയവും സമീകരിക്കപ്പെടുന്നത് അവരെല്ലാം രാജ്യം നേരിടുന്ന വലിയൊരു വിപത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം തീർക്കാൻ ശ്രമിച്ചവരാണ് എന്നതിനാലാണ്. അവരിൽ പലരും, ഗൗരിയെപ്പോലെ, മതവിശ്വാസികളല്ല. യുക്തിചിന്തയിൽ വിശ്വസിക്കുന്നവരും നാടിന്റെ സാമൂഹിക അപനിർമാണത്തെക്കുറിച്ച് തനതും രൂഢമൂലവുമായ ആശയങ്ങൾ വെച്ചുപുലർത്തിയവരുമാണ്. എന്നാൽ അവരുടെ ചിന്തകളിൽ ഒരു ഐക്യം ദൃശ്യമാണ്. അത് രാജ്യത്ത് വളർന്നുവരുന്ന മതപരമായ അസഹിഷ്ണുതക്കും രാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ്‌വൽക്കരണത്തിനും എതിരായതാണ്. അതിനാൽ ഗൗരി ലങ്കേഷുമാരും കൽബുർഗിമാരും ഇനിയും ആവർത്തിക്കാൻ സാധ്യതയേറെയാണ്.
ചെറിയൊരു അപശബ്ദം പോലും പൊറുപ്പിക്കാൻ സാധ്യമല്ലെന്ന, അഹങ്കാരത്തിലും ധാർഷ്ട്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയ മനോഭാവമാണ് നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിന് ശേഷം സംഘ് പരിവാർ ശക്തികൾ പുലർത്തുന്നത്. ഒരുവേള, പ്രധാനമന്ത്രിയുടെ പോലും വിമർശത്തിന് ഇരയാവുന്ന വിധത്തിൽ ഒരു തരത്തിലുള്ള വിഭ്രാന്തമായ ജൽപനങ്ങൾ ഇവരിൽ പലരും നടത്തി. കേരളത്തിലും അതിന്റെ അനുരണനങ്ങൾ നാം കണ്ടതാണ്. എം.ടിക്കെതിരായ ബി.ജെ.പിയുടെ ആക്രോശങ്ങൾ, അനിഷ്ട സംഭവങ്ങളിൽ കലാശിക്കാതിരുന്നത് കേരളമായതുകൊണ്ടാണ് എന്നതാണ് വാസ്തവം. വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കരുത്തുള്ള സാമൂഹിക മനോഭാവം മലയാളി വെച്ചുപുലർത്തുന്നു, അതിന്റെ മാറ്റ് കുറഞ്ഞുവരികയാണെങ്കിലും. 
കർണാടക അടുത്തു തന്നെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനമാണ്. അവിടെ വലിയൊരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ബി.ജെ.പി. ഒരിക്കൽ കൈയിൽനിന്ന് സ്വയംകൃതാനർഥങ്ങളാൽ വഴുതിപ്പോയ സംസ്ഥാനമാണത്. എല്ലാ പരിക്കുകളും ഭേദമാക്കി, തന്ത്രങ്ങൾ തേച്ചുമിനുക്കി തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ് അവർ. വിജയത്തിന് സഹായകമാവും വിധത്തിൽ ഒരു സാമുദായിക, വർഗീയ ധ്രുവീകരണത്തിന് കരുത്തുള്ള വ്യക്തിയാണ് ഗൗരിയെന്ന് ആർക്കും അഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. അതിനാൽ ഈ കൊലപാതകത്തിലൂടെ ബി.ജെ.പിക്കുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ നേട്ടമെന്ത് എന്ന് നാം വിസ്മയിക്കും. 
ഇതെഴുതുമ്പോഴും പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും അക്രമത്തിന് പിന്നിലെ പ്രേരണ എന്തെന്ന് കൃത്യമായി പുറത്തു വരാത്തതിനാലും ബി.ജെ.പിക്ക് മേൽ ഉത്തരവാദിത്തം വെച്ചുകെട്ടുന്നത് ശരിയോ എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. 
എന്നാൽ വിചിത്ര ഭാവനകളുടെ തേരോട്ടമാണ് പുതിയ ബി.ജെ.പിയുടെ രാഷ്ട്രീയവും ഭരണവുമെന്ന് മനസ്സിലാക്കുന്നവർക്ക് ഇതിൽ അത്ഭുതമില്ല. ഉറക്കെയുറക്കെ ശബ്ദിക്കുന്നവർക്ക് ഇതൊരു പാഠമാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കേണ്ടത് ആ പാഠമാണ്, അല്ലാതെ വോട്ടുകളല്ല. ശക്തമായ ഒരു മതേതര ധാര ഉരുത്തിരിഞ്ഞുവരാനുള്ള സർവ വഴികളും അടക്കുകയാണ് സംഘ്പരിവാർ. അതിന് ഭീതിയെ ആയുധമായി ഉപയോഗിക്കുന്നു. നോട്ടുകൾ നിരോധിച്ചാൽ കള്ളപ്പണം തടയാമെന്നതു പോലെയുള്ള, നദികൾ കൂട്ടിക്കെട്ടിയാൽ വരൾച്ച ഇല്ലാതാക്കാമെന്നതു പോലെയുള്ള വിചിത്രഭാവനകളുടെ കൂടാരമാണ് അവരുടെ ഭരണം. 
അതിനാൽ അവരുടെ രാഷ്ട്രീയവും അതേ വഴി അനുവർത്തിക്കുന്നു. കലാപങ്ങളുണ്ടാക്കി വിജയം കൊയ്യാൻ ഉത്തരേന്ത്യയിലാണ് എളുപ്പം. കർണാടകയും കേരളവും അതിന് പാകപ്പെടാൻ പ്രയാസമാണ്. അവിടെയാണ് ഭീതിയുടെ വ്യാപാരം പ്രസക്തമാകുന്നത്.
കർണാടകയിൽനിന്നുള്ള ലോക്‌സഭാ എം.പി അനന്ത് കുമാർ ഹെഗ്‌ഡെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായത്. കർണാടകയിലെ ആർ.എസ്.എസ് നേതാക്കളിൽ പ്രമുഖനായ ഹെഗ്‌ഡെ, സംഘ്പരിവാറുമായി ബന്ധപ്പെട്ട് അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി സംഘടനകളുമായി ബന്ധമുള്ളയാളാണെന്നത് പരസ്യമായ രഹസ്യമാണ്. സംഘ്പരിവാർ നേതാക്കൾ ഫ്രിൻജ് എലമെന്റ്‌സ് എന്ന് സൗകര്യപൂർവം പേരിട്ട് കൈയൊഴിയുന്ന ഇത്തരം സംഘടനകളാണ് അവരുടെ ഉന്മൂലന സിദ്ധാന്ത പരിപാടികൾ പലതും നടപ്പിലാക്കുന്നത്. ഗോസംരക്ഷണം മുതൽ, സദാചാര പോലീസിംഗ് വരെ ഇവരുടെ പരിപാടിയാണ്. പ്രത്യക്ഷത്തിൽ ബി.ജെ.പിയുമായി ബന്ധമില്ലെന്നതും മാധ്യമങ്ങളിൽ ഇടക്കിടെ പരസ്പരം വിമർശിക്കുമെന്നതുമൊക്കെ ശരിയാണെങ്കിലും ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെ ഇവർക്കിടയിലുള്ള അന്തർധാര വളരെ ശക്തമാണ്. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ശ്രീരാമ സേന മുതൽ സനാതൻ സൻസ്ഥ പോലെയുള്ള സംഘടനകൾ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഈ ഫ്രിൻജ് ഓപറേഷൻ. 
കേന്ദ്രത്തിൽ നൈപുണ്യ വികസന മന്ത്രിയായി അധികാരമേറ്റ ഹെഗ്‌ഡെ, ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിയുടെ അടുത്ത അനുയായിയുമാണ്. ജോഷിയാണ് ഗൗരിക്കെതിരെ അപകീർത്തി കേസ് കൊടുത്ത ബി.ജെ.പി നേതാക്കളിലൊരാൾ. പ്രത്യേകിച്ച് ഭരണ പാടവമോ മറ്റെന്തെങ്കിലും സവിശേഷതകളോ ഇല്ലാത്ത ഹെഗ്‌ഡെയെ മന്ത്രി പദവിയിൽ അവരോധിച്ചത് സംസ്ഥാനത്തു തന്നെ മുറുമുറുപ്പുണ്ടാക്കിയിരുന്നു. ആശുപത്രിയിൽ ഡോക്ടർമാരെ കയറി ക്രൂരമായി മർദിക്കുന്നതടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഇയാളെ മന്ത്രിയാക്കിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തന്നെ കഴിഞ്ഞ ദിവസം രംഗത്തുവരികയുണ്ടായി. പ്രധാനമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് ഐ.എം.എ പരാതി അയക്കുകയും ചെയ്തു. ശശികല, ശോഭ സുരേന്ദ്രൻ മുതൽ സാക്ഷി മഹാരാജും സാധ്വി പ്രാചി വരെയുള്ള വിഷം തുപ്പുന്ന ജനുസിൽപെട്ട ഹെഗ്‌ഡെ മതവൈരാഗ്യം നിറഞ്ഞുനിൽക്കുന്ന പ്രസ്താവനകൾ പലപ്പോഴും നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ റോഹിംഗ്യൻ മുസ്‌ലിംകൾക്ക് ഇന്ത്യ അഭയം നൽകരുതെന്നായിരുന്നു അയാളുടെ പ്രസ്താവന. ഹെഗ്‌ഡെ അധികാരമേറ്റ് രണ്ടു ദിവസത്തിനുള്ളിൽ നടന്ന കൊലപാതകം വെറും യാദൃഛികമായിരിക്കുമോ?
കൽബുർഗിയുടെ ക്രൂരമായ കൊലപാതകം നടന്നിട്ട് വർഷം രണ്ടു പിന്നിടുന്നുവെങ്കിലും ഇതുവരെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത സർക്കാരാണ് കർണാടക ഭരിക്കുന്നത്. ഗൗരി ലങ്കേഷിനെതിരായ ആക്രമണത്തിന് ഈ നിസ്സംഗ മനോഭാവം ഒരു പ്രേരക ഘടകമായേക്കാം. മാത്രമല്ല, രാജ്യത്തിന്റെ രാഷ്ട്രീയാവസ്ഥ മാറിവരുന്നതും അസഹിഷ്ണുത ശക്തി പ്രാപിക്കുന്നതും തിരിച്ചറിയാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമുള്ള വിവേകവും ഇഛാശക്തിയും അവർ കാണിച്ചതുമില്ല. പ്രതിപക്ഷമെന്ന നിലയിൽ അങ്ങേയറ്റം ദുർബലമായ കോൺഗ്രസ് ആകട്ടെ, സംഭവം ഉണ്ടാകുമ്പോൾ എന്തെങ്കിലുമൊക്കെ പറയും എന്നതൊഴിച്ചുനിർത്തിയാൽ സുസ്ഥിരമായ നിലപാടുകൾ സ്വീകരിച്ച് ശക്തവും നിരന്തരവുമായ രാഷ്ട്രീയ പോരാട്ടം നടത്താനുള്ള ത്രാണിയില്ലാത്ത വിധം ദുർബലമായിപ്പോയിരിക്കുന്നു. ഈ രാഷ്ട്രീയ കാലാവസ്ഥ പ്രയോജനപ്പെടുത്താനും ഭരണത്തുടർച്ച ഉറപ്പു വരുത്താനും മോഡിയെപ്പോലെയുള്ള മികച്ച മാനേജ്‌മെന്റ് വിദഗ്ധന് ഒട്ടും പ്രയാസമില്ല. രാജ്യത്തെ ഭീതിയുടെ കയത്തിലേക്ക് തള്ളിവിടുന്നതും ദുർബലർക്ക് അഭയമില്ലാത്ത ഈ രാഷ്ട്രീയാവസ്ഥയാണ്.
ഭീതി ഇല്ലായിരുന്നു എന്നതാണ് ഗൗരിയെ അപകട മുനമ്പിലാക്കിയത്. ആർക്കെതിരെയും, എത്ര ശക്തനായാലും സത്യങ്ങൾ വെട്ടിത്തുറന്നു പറയാനും എഴുതാനും അവർ ആർജവം കാട്ടി. ഭീഷണികളും മുന്നറിയിപ്പുകളും വകവെച്ചില്ല. സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പരിഹാസങ്ങളും അധിക്ഷേപങ്ങളും സഹിച്ചു. ഒറ്റക്ക് സഞ്ചരിച്ചു. ഒറ്റക്ക് താമസിച്ചു. ആശയങ്ങളുടെ ശക്തമായ അടിത്തറ മാത്രമായിരുന്നു കൈമുതൽ. 
മതേതര മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു. എല്ലാ മതക്കാരും ഒന്നിച്ച് ഓണം ആഘോഷിക്കുന്ന കേരളത്തെക്കുറിച്ചോർത്ത് അഭിമാനിച്ചു. ഭരണഘടനാ ദത്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ മുറുകെപ്പിടിച്ചു. നിർഭയമായി അവ പ്രകടിപ്പിച്ചു. അധികാര സ്ഥാനങ്ങൾക്കും നാശത്തിന്റെ രാഷ്ട്രീയത്തിനുമെതിരെ വിയോജിപ്പിന്റെ സ്വരമുയർത്തി. അത് തന്റെ അവകാശമാണെന്ന് വിശ്വസിച്ചു. 
അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ ഗൗരിയുടെ തിരുനെറ്റിയിലേക്ക് തുളച്ചുകയറിയ വെടിയുണ്ട  നമ്മെ ഓർമിപ്പിക്കുന്നു. 
 

Latest News