കേരളത്തിലേക്ക് ആളെ കടത്താൻ മാഫിയാ സംഘങ്ങൾ

പാലക്കാട്- നിയന്ത്രണങ്ങൾ മറികടന്ന് കേരളത്തിലേക്ക് ആളുകളെ കടത്തി വിടുന്നതിന് അതിർത്തിയിൽ മാഫിയാ സംഘങ്ങൾ, ആളൊന്നിന് ഈടാക്കുന്നത് അഞ്ഞൂറു രൂപ. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിൽ വെച്ച് പിടിയിലായ പട്ടാമ്പി സ്വദേശിയിൽ നിന്നാണ് കേരള - തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് തഴച്ചു വളരുന്ന പുതിയ വ്യവസായത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. പരിശോധനകളില്ലാതെ കേരളാ അതിർത്തിയിലേക്ക് ആളെ എത്തിക്കുന്നതിനാണ് അഞ്ഞൂറു രൂപ ഈടാക്കുന്നത്. അതിനു ശേഷം നാട്ടിലെത്തലെല്ലാം സ്വന്തം ഉത്തരവാദിത്തമാണ്. ഇതുമായി ബന്ധപ്പെട്ട സൂചനകളുടെ അടിസ്ഥാനത്തിൽ ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇത്തരം മനുഷ്യക്കടത്തിന്റെ കേന്ദ്രം ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റായ വാളയാർ അല്ലെന്ന് വ്യക്തമായിട്ടുണ്ട്. ചിറ്റൂർ താലൂക്കിലെ ചെറുകിട ചെക്‌പോസ്റ്റുകളിലൂടെ ഇടതടവില്ലാതെ വരുന്ന പച്ചക്കറി വണ്ടികളെയാണ് കടത്തിന് പ്രധാനമായും ആശ്രയിക്കുന്നത്.


ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ മനുഷ്യ ഗതാഗതം കർശനമായി തടഞ്ഞിരുന്നത് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരായിരുന്നു. ആ ദിവസങ്ങളിൽ കേരളത്തിലാണ് കൂടുതൽ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞ മട്ടാണ്. തമിഴ്‌നാട്ടിൽ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായി കോയമ്പത്തൂർ മാറിയിട്ടുണ്ട്. ആളുകളുടെ പരസ്പര സഞ്ചാരത്തിന് വിലക്കേർപ്പെടുത്താൻ ചെക്‌പോസ്റ്റുകളിൽ നിലവിൽ കൂടുതൽ ജാഗ്രത പാലിക്കുന്നത് കേരളത്തിലെ ഉദ്യോഗസ്ഥരാണ്. ഏറെ മലയാളികളുള്ള കോയമ്പത്തൂർ നഗരത്തിൽ നിന്ന് പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. അവരെയാണ് അതിർത്തിയിലെ മാഫിയാ സംഘങ്ങൾ വല വീശിപ്പിടിക്കുന്നത്. വാളയാറിൽ പരിശോധന താരതമ്യേന കൂടുതലായതിനാൽ ചെറിയ വഴികളിലാണ് ഇവരുടെ ഇടപെടൽ. 
വേലന്താവളം, നടുപ്പുണി, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങിയ ചെറിയ ചെക്‌പോസ്റ്റുകളിലൂടെയാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി ഒഴുകിയെത്തുന്നത്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ ചരക്കു ഗതാഗതം പഴയ രീതിയിൽ കൊണ്ടുപോകാൻ കേരളവും തമിഴ്‌നാടും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് പച്ചക്കറി സംഭരിക്കാൻ എത്തുന്ന വാഹനങ്ങളിലെ സഹായി വേഷത്തിലാണ് പ്രധാനമായും ആളുകളെ അതിർത്തി കടത്തുന്നത്. അതിർത്തി കടത്തലേ ഇടനിലക്കാർ ഈടാക്കുന്ന പണം കൊണ്ട് നടക്കൂ. അതിലപ്പുറം അതേ വണ്ടിയിൽ യാത്ര ചെയ്യാൻ കൂടുതൽ പണം കൊടുക്കേണ്ടി വരും. 


വാളയാർ ചെക്‌പോസ്റ്റിലെ പരിശോധനക്ക് കൊടുക്കുന്ന പ്രാധാന്യം പോലീസ് ജില്ലയിലെ മറ്റു ചെറുകിട ചെക്‌പോസ്റ്റിലെ പരിശോധനകൾക്ക് നൽകുന്നില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പലയിടത്തും പരിശോധന നടത്തുന്നത്. മറ്റിടങ്ങളിൽ കൂടി പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിർദേശം ലംഘിച്ച് ആളുകളെ അതിർത്തി കടക്കാൻ സഹായിച്ചാൽ കർശനമായി നേരിടുമെന്ന മുന്നറിയിപ്പ് ചരക്കു ലോറിയുടമകൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഒരു ചരക്ക് ലോറിയിലാണ് കേരളത്തിലേക്ക് കടന്നത് എന്ന് മൊഴി നൽകിയിരുന്നു. ആ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News