റമദാനെ വരവേല്‍ക്കുന്നത് വേദനയോടെ; സല്‍കർമങ്ങളില്‍ മുഴുകാന്‍ സല്‍മാന്‍ രാജാവിന്‍റെ ആഹ്വാനം

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ (വെള്ളി) റമദാന്‍ ഒന്നാണെന്ന് സുപ്രിംകോടതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മാസപ്പിറവി ദര്‍ശിച്ചവര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി ജഡ്ജിമാരായ ഡോ. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ലഹീദാന്‍, ഹമദ് ബിന്‍ മുഹമ്മദ് അബാനമീ, ഗൈഹബ് ബിന്‍ മുഹമ്മദ് എന്നിവര്‍ യോഗം ചേര്‍ന്നാണ് റമദാന്‍ പ്രഖ്യാപനം നടത്തിയത്.


എല്ലാ മുസ്ലിംകള്‍ക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റമദാന്‍ ആശംസ നേര്‍ന്നു. കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികളില്‍ ജമാഅത്ത് നിസ്‌കാരങ്ങളും തറാവീഹും ഇല്ലാത്തതിന്റെ വേദനയോടെയാണ് നാം റമദാനിനെ വരവേല്‍ക്കുന്നത്.

ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുക. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനവും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ത്യാഗവും നാം നന്ദിയോടെ ഓര്‍ക്കണം.

സല്‍കര്‍മങ്ങളില്‍ മുഴുകണമെന്നും നമ്മുടെ നോമ്പും നിസ്‌കാരവും അല്ലാഹു സ്വീകരിക്കുന്നതാകട്ടെയെന്നും രാജാവ് പറഞ്ഞു. രാജാവിന്റെ സന്ദേശം ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. മാജിദ് അല്‍ഖസബിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചത്.

Latest News