മാനന്തവാടി-വയനാടന്‍ ജനതയ്ക്കു മറക്കാന്‍ കഴിയാത്ത ജീവകാരുണ്യ പ്രവര്‍ത്തകനാണ് ദുബായില്‍ അന്തരിച്ച പ്രമുഖ വ്യവസായി ജോയി അറയ്ക്കല്‍. പുതുശേരി വഞ്ഞോട് അറയ്ക്കല്‍ ഉലഹന്നാന്‍-പരേതയായ ത്രേസ്യ ദമ്പതികളുടെ മകനാണ് ജോയി. കപ്പല്‍ ജോയി എന്നാണ് അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്നത്. ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടറായിരിക്കെയാണ് വിയോഗം. ജോയിയുടെ നിര്യാണം വയനാടിനെയാകെ ദുഃഖത്തിലാക്കി. ഉച്ചയോടെയാണ് മരണവിവരം ബന്ധുക്കള്‍ക്കു ലഭിച്ചത്.
കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോയിക്കു പാവപ്പെട്ടവരുടെ വിഷമതകളെക്കുറിച്ചു വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. ഇതാണ് സ്വപ്രയത്‌നംകൊണ്ട് വ്യവസായലോകത്തു സ്വന്തം പേരു ഏഴുതിച്ചേര്‍ക്കുന്നതിനിടയിലും അദ്ദേഹം പാവപ്പെട്ടവരെക്കുറിച്ചു ഓര്‍ത്തത്. നേരിട്ടും അല്ലാതെയും ജോയിയുടെ സഹായം ലഭിച്ച നൂറുകണക്കിനാളുകളാണ് ജില്ലയിലുള്ളത്. വരുമാനത്തിന്റെ ഒരു ഭാഗം സാധുക്ഷേമത്തിനു വിനിയോഗിക്കുന്നതില്‍ ജോയി ഒരിക്കലും മടി കാട്ടിയിരുന്നില്ല.
മലബാറിലെ ഏറ്റവും വലിയ വീടുകളിലൊന്നാണ് വള്ളിയൂര്‍ക്കാവ് റോഡില്‍ ജോയി പണിത അറയ്ക്കല്‍ പാലസ്. നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള ഏതാനും യുവതികള്‍ക്കു മംഗല്യഭാഗ്യം ഒരുക്കിയാണ് ജോയി ഗൃഹപ്രവേശം ആഘോഷിച്ചത്. പ്രളയകാലത്തു സ്വന്തം വീട് ദുരിതബാധിതര്‍ക്കു തുറന്നുകൊടുക്കാനും അദ്ദേഹം സന്നദ്ധനായി. പ്രളയത്തില്‍ വെള്ളംകയറിയ വീടുകളില്‍ ശുചീകരണത്തിനും മുന്നിട്ടിറങ്ങി. നിര്‍ധനരെ വീടു നിര്‍മാണത്തിലും ചികിത്സയിലും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ജോയി. പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള പഠിപ്പില്‍ മിടുക്കരായ നിരവധി കുട്ടികള്‍ക്കു ഉന്നത വിദ്യാഭ്യാസം നേടുന്നതിലും അദ്ദേഹം താങ്ങായി. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ അമ്മയുടെ ഓര്‍മയ്ക്കായി 25 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് ജോയി സംഭാവന ചെയ്തത്. വ്യവസായവുമായി ബന്ധപ്പെട്ട തിരക്കിനിടെ ജില്ലയില്‍ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ജോയി നിരന്തരം ഇടപെട്ടിരുന്നു. അടുത്ത കാലത്തു മാനനന്തവാടിയില്‍ നടന്ന ഉദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യസംഘാടകരില്‍ ഒരാളുമായിരുന്നു അദ്ദേഹം.
അരുണ്‍ അഗ്രോ ഫാംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ അഗ്രോ വെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പെട്രോള്‍ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ദി ഫ്രിംഗ ഫോര്‍ഡ് എസ്റ്റേറ്റ്‌സ് എന്നിവയില്‍ പ്രധാന ഓഹരി ഉടമയാണ് ജോയി.






