ന്യൂദൽഹി- രാജ്യത്ത് അന്തർസംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകി പരിഹരിക്കണമെന്നും ഗ്രീൻ സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിലൂടെ കൊറോണ വൈറസ് വ്യാപനം താല്‍ക്കാലികമായി തടയാൻ മാത്രമെ കഴിയൂ. ലോക്ഡൗൺ ഹോട്ട്സ്പോട്ടുകളിൽ മാത്രമായി ചുരുക്കുന്നതിനെപ്പറ്റി ചിന്തിക്കണം. ഗ്രീൻ സോണുകളിൽ ജനങ്ങൾക്ക് വരുമാനം ലഭിക്കാൻ ഉതകുംവിധം സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടുത്ത ദുരിതം അനുഭവിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളെ പരിശോധനയ്ക്ക് വിധേയരാക്കിയശേഷം സുരക്ഷാ സംവിധാനങ്ങളൊരുക്കി സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഭരണകൂടങ്ങൾ ജനങ്ങളോട് അനുകമ്പ കാട്ടണമെന്നും ശത്രുതയോടെ പെരുമാറുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.






