Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് കാലത്തിന്റെ വേദന

ഡോ. സൈമൺ ഹെർക്കുലിസ്  

കോവിഡ് ബാധിച്ച് മരിച്ച ഡോ. സൈമൺ ഹെർക്കുലിസ് (55) എന്ന ന്യൂറോ സർജന്റെ  മൃതദേഹത്തോട് തമിഴ്‌നാട്ടിലെ ചില മനുഷ്യർ കാണിച്ച അതിക്രമം ലോകമാകെ ഇന്ന് ചർച്ച ചെയ്യുകയാണ്.  കോവിഡ്19 എന്ന മഹാരോഗത്തിന് മുന്നിൽ പോരാടി വീണ ആ ഡോക്ടറുടെ മരണവും അനന്തര സംഭവങ്ങളും ഞെട്ടലോടെ മാത്രമേ  ആരും ഓർക്കുകയുള്ളൂ  -സഹജീവിയോട് എങ്ങനെ പെരുമാറരുത് എന്നതിന്റെ വലിയ ഉദാഹരണങ്ങളിലൊന്ന്.  ചെന്നൈ ന്യൂഹോപ്‌സ് ആശുപത്രി മാനേജിങ് ഡയറക്ടറായ ഡോ. സൈമണിനും  മകൾക്കും രണ്ടാഴ്ച മുമ്പാണ് രോഗം പിടിപെട്ടത്.  
ഡോക്ടറുടെ മൃതദേഹവുമായി പുറപ്പെട്ടവർ അർധരാത്രി അനുഭവിച്ച കാര്യങ്ങൾ മാധ്യമങ്ങൾ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു. 'ചെന്നൈ കോർപറേഷൻ സ്റ്റാഫ് മൃതദഹം അടക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആശുപത്രി മുതൽ ശ്മാശാനം വരെ അവർ ഞങ്ങളെ അനുഗമിച്ചു. അവിടെ എത്തിയപ്പോഴേക്കും 200 പേരടങ്ങുന്ന ജനക്കൂട്ടം അവിടെ പ്രതിഷേധവുമായി നിൽക്കുന്നുണ്ടായിരുന്നു. പ്രതിഷേധം കണ്ട പോലീസുകാർ മൃതദേഹവുമായി  മറ്റൊരു ശ്മശാനത്തിലേക്ക് (വേലങ്ങാട്) പോകാൻ ഞങ്ങളോടാവശ്യപ്പെട്ടു. അവിടെ മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിയെടുക്കാൻ തുടങ്ങിയപ്പോഴേക്കും 60 പേരടങ്ങുന്ന സംഘം അവിടെയും ആക്രമിക്കാനെത്തി. ആറോ ഏഴോ കോർപറേഷൻ സ്റ്റാഫ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. നിവൃത്തിയില്ലാതെ അക്രമത്തിൽ പരിക്കേറ്റ അവസ്ഥയിൽ തന്നെ ഞങ്ങൾ മൃതദേഹവുമായി ആംബുലൻസിൽ തിരിച്ചു പോയി' സൈമൺ ഡോക്ടറുടെ സഹ പ്രവർത്തകനായ ഡോ. പ്രദീപ് കമാറിന്റെ  വാക്കുകളാണത്. 
ജനം പിരിഞ്ഞുപോയെന്ന് മനസ്സിലാക്കി രാത്രി 11.30 ന് ശ്മാശാനത്തിൽ തിരിച്ചെത്തി. ഡോ. പ്രദീപിന് സുരക്ഷാ വസ്ത്രമുള്ളതിനാൽ അദ്ദേഹം തന്നെ അടക്കൽ ചടങ്ങിന് മുന്നിട്ടിറങ്ങി. രണ്ട് ആശുപത്രി ജീവനക്കാർ സഹായികളായി. 


സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്ന സൈമണിനെ മരണാനന്തരം ഈ വിധം അപമാനിച്ചതിനെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. 
മൃതദേഹത്തിൽ നിന്ന് വൈറസ് പകരുമെന്ന പ്രചാരണമാണ് ഈ വിധം പെരുമാറാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. മനുഷ്യരെയാകെ അകാരണമായ  ഭീതിയിലാഴ്ത്തുന്ന പ്രചാരണങ്ങൾക്ക് തടയിടേണ്ട ബാധ്യത ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കാണ്. 
കോവിഡ്19 ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാനുള്ള പ്രോട്ടോകോൾ മാർച്ചിൽ തന്നെ  പ്രഖ്യാപിച്ചിട്ടുണ്ട്.  അതിലെവിടെയും മൃതദേഹത്തിൽ നിന്ന് വൈറസ് പടരുമെന്ന് പറഞ്ഞതായി കാണുന്നില്ല. പ്രോട്ടോകോളിന്റെ പ്രസക്ത ഭാഗങ്ങൾ ഇനി പറയുന്നു. 


മൃതദേഹം ഒരിക്കലും എംബാം ചെയ്യാൻ പാടില്ല. പോസ്റ്റുമോർട്ടം നടത്താനും പാടില്ല. ഏതെങ്കിലും സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഇതിനായുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. മൃതദേഹം സംസ്‌കരിക്കുമ്പോൾ ശ്മശാനത്തിലെ ജീവനക്കാർ അതീവ ജാഗ്രത പാലിക്കണം. മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ കൈകൾ ശുചിയാക്കുകയും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും വേണം. മരിച്ച വ്യക്തിയെ ഉറ്റവർക്ക് അവസാനമായി കാണാൻ മൃതദേഹം സൂക്ഷിച്ച ബാഗിന്റെ സിപ് മുഖം വരെ താഴ്ത്താവുന്നതാണ്. മൃതദേഹം കൈകാര്യം ചെയ്യുന്ന വിദഗ്ധർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ. മൃതദേഹത്തിൽ സ്പർശിക്കേണ്ടാത്ത തരത്തിലുള്ള മതപരമായ ചടങ്ങുകൾ (മതഗ്രന്ഥം വായിക്കുക, പുണ്യജലം തളിക്കുക തുടങ്ങിയവ) നടത്താൻ അനുവാദമുണ്ട്.


സംസ്‌കാരത്തിന് ശേഷം ആരോഗ്യ പ്രവർത്തകരും കുടുംബാംഗങ്ങളും കൈ നന്നായി വൃത്തിയാക്കണം. മൃതദേഹം സൂക്ഷിക്കുന്ന ബാഗ് അണുനശീകരണം നടത്തണം. മൃതദേഹത്തിലുണ്ടാകുന്ന പരിക്കുകൾ 1% ഹൈപോക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശരീര സ്രവങ്ങൾ പുറത്ത് കടക്കാതിരിക്കാൻ മൂക്കലും വായിലും പഞ്ഞി പോലുള്ളവ വെക്കാം.
ഐസൊലേഷനിൽ നിന്ന് നീക്കം ചെയ്യുന്ന സമയത്ത് അടുത്ത ബന്ധുവിന് മൃതദേഹം കാണണമെങ്കിൽ വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച ശേഷം ഇത് അനുവദിക്കാവുന്നതാണ്. ലീക്ക് പ്രൂഫായ പ്ലാസ്റ്റിക് ബോഡി ബാഗിൽ വേണം മൃതദേഹം സൂക്ഷിക്കാൻ. 1% ഹൈപോക്ലോറൈറ്റ് ഉപയോഗിച്ച് മൃതദേഹം അണുവിമുക്തമാക്കാം. ഈ ബോഡി ബാഗ് ബന്ധുക്കൾ കൊണ്ടുവന്ന തുണി ഉപയോഗിച്ചോ മോർച്ചറി ഷീറ്റ് ഉപയോഗിച്ചോ പൊതിയാം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയോ മോർച്ചറിയിലേക്ക് മാറ്റുകയോ ചെയ്യാം.
ഇതിലെവിടെയും ചെന്നൈയിലെ ശ്മശാനത്തിലെത്തിയവർ പ്രകടിപ്പിച്ചതു പോലുള്ള ആശങ്കക്ക് വഴി കാണുന്നില്ല.


നിർദേശിക്കപ്പെട്ട ആഴത്തിൽ (എട്ടടി ) അടക്കം ചെയ്യുക വഴി കോവിഡ്19 ബാധിച്ചവരുടെ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇല്ലാതാകുമെന്ന് ആരോഗ്യ പ്രവർത്തകർ ആവർത്തിച്ചു പറയുന്നുണ്ട്. 4000 ഡിഗ്രി സെന്റിഗ്രേഡിൽ ദഹിപ്പിക്കുന്നതു വഴിയും മൃതദേഹത്തിൽ നിന്ന് വൈറസ് പടാരാനുള്ള അവസാന സാധ്യതയും ഇല്ലാതാകും -ചെന്നൈ സംഭവങ്ങളുടെ വെളിച്ചത്തിൽ തമിഴ്‌നാട്ടിലെ പൊതുജനാരോഗ്യത്തെ തലയെടുപ്പുള്ള വ്യക്തികൾ ഒരെ സ്വരത്തിൽ പറഞ്ഞു കഴിഞ്ഞു. നിപയുടെ കാലത്ത് കേരളത്തിൽ ഉടലെടുത്ത ആശങ്ക പരിഹരിച്ച വിവരവും ആരോഗ്യ പ്രവർത്തകർ മാധ്യമങ്ങൾ വഴി തമിഴ് ജനതയെ  ഓർമപ്പെടുത്തുന്നുണ്ട്.  


സ്വന്തം അജ്ഞതയാൽ എത്തിച്ചേരുന്ന നിഗമനങ്ങൾ വെച്ച് കളിക്കാനുള്ളതല്ല കോവിഡ് കാലം.  മൃതദേഹം സംസ്‌കരിക്കുന്നത് തടയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചതിന് പിന്നാലെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ കോടതി സ്വമേധയാ കേസുമെടുത്തു. മനുഷ്യൻ എന്ന അവസ്ഥയിൽ നിന്ന് മാറിപ്പോയ വ്യക്തികൾക്ക് മാത്രമേ മൃതദേഹത്തോട് പോലും ഈ നിലയിൽ പെരുമാറാൻ കഴിയുകയുള്ളൂ. നരാധമത്വത്തിനെതിരെ ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ ഇതുപോലുള്ള പെരുമാറ്റം പടർന്നു പിടിക്കും. ഭാഗ്യവശാൽ അതിശക്തമായ സമീപനമാണ് ഈ വിഷയത്തിൽ തമിഴ്‌നാട്ടിലെ മാധ്യമങ്ങളിൽ നിന്നുണ്ടായിരിക്കുന്നത്. ഇത്തരമൊരു സംഭവം അവസാനത്തേതാകണം -ഇതു സംബന്ധിച്ച പത്രവാർത്തകൾക്ക് താഴെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുന്നതങ്ങനെയാണ്.

Latest News