ലോക്ഡൗണ്‍ ലംഘിച്ചു അധ്യാപികയുടെ അന്തര്‍സംസ്ഥാന യാത്ര: അന്വേഷണത്തിനു ഉത്തരവിട്ടു

കല്‍പറ്റ-ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു കേന്ദ്രീയ വിദ്യാലയം അധ്യാപിക തിരുവനന്തപുരത്തുനിന്നു വയനാട് വഴി കര്‍ണാടകയിലേക്കു സര്‍ക്കാര്‍ വാഹനത്തില്‍ യാത്രചെയ്ത സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അന്വേഷണത്തിനു ഉത്തരവിട്ടു.

കല്‍പറ്റ ഡിവൈ.എസ്.പി ടി.പി. ജേക്കബിനാണ് അന്വേഷണച്ചുമതല.
21നു വൈകുന്നേരമാണ് അധ്യാപിക എക്‌സൈസ് വാഹനത്തില്‍ മുത്തങ്ങ വഴി കര്‍ണാടകയിലേക്കു പോയത്. അധ്യാപികയ്‌ക്കൊപ്പം രണ്ടു വയസുള്ള ആണ്‍കുട്ടിയും ഉണ്ടായിരുന്നു.

 കേരള അതിര്‍ത്തിയില്‍നിന്നു മറ്റൊരു വാഹനത്തിലാണ് ഇവര്‍ യാത്ര തുടര്‍ന്നത്.
തിരുവനന്തപുരത്തനിന്നു എക്‌സൈസ് വാഹനത്തിലാണ് അധ്യാപിക അടിവാരം വരെ എത്തിയത്. ഇവിടെ നിന്നു കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് കല്‍പറ്റ, ബത്തേരി, മുത്തങ്ങ വഴി കര്‍ണാടക അതിര്‍ത്തിയിലെത്തിയത്.

അടിവാരത്തുനിന്നു സംസ്ഥാന അതിര്‍ത്തിവരെയുള്ള  യാത്രയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അധ്യാപികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഒരാഴ്ചയോളമായി ഓഫീസില്‍ എത്താത്ത എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഡ്രൈവര്‍ വാഹനം അടിവാരത്തു എത്തിച്ചത്.
 

ജില്ലയും സംസ്ഥാനവും വിട്ടുള്ള യാത്രയ്ക്കു ചീഫ് സെക്രട്ടറിയുടെയോ അതതു ജില്ലാ കലക്ടര്‍മാരുടെയോ  അനുമതി വേണം.എന്നാല്‍ അധ്യാപികയുടെ പക്കല്‍ ആറ്റിങ്ങലില്‍നിന്നു മുത്തങ്ങയിലേക്കു യാത്രചെയ്യുന്നുവെന്ന സത്യവാങ്മൂലം മാത്രമാണ് ഉണ്ടായിരുന്നത്. സത്യവാങ്മൂലത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ ഒപ്പും മുദ്രയും ഉണ്ടെന്നാണ് അറിയുന്നത്. വാഹനത്തിന്റെ ദുരുപയോഗം സംബന്ധിച്ചു എക്‌സൈസ് വകുപ്പും അന്വേഷണം തുടങ്ങിയതായാണ് വിവരം.

Latest News