ബംഗളൂരു-കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കാതെ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്റെ വിവാഹം നടത്താന്‍ അനുമതി നല്‍കിയതില്‍ കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.
ഏത് സാഹസാഹര്യത്തിലാണ് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയുടെ വിവാഹത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ കുടുംബംവക ഫാംഹൗസില്‍വച്ച് ഏപ്രില്‍ 17-നായിരുന്നു വിവാഹം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. കൃഷ്ണപ്പയുടെ കൊച്ചുമകള്‍ രേവതിയെ(22)യാണ് നിഖില്‍ വിവാഹം ചെയ്തത്.
കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ നിര്‍ദേശങ്ങളും പാലിച്ചാകും വിവാഹമെന്ന് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും പാലിച്ചില്ലെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. ഇ-മെയില്‍ വഴി ലഭിച്ച പരാതി ഔദ്യോഗികമായി ഫയല്‍ ചെയ്തിട്ടില്ലെങ്കിലും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് ബി.വി. നഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടാന്‍ തീരുമാനിക്കുകയായിരുന്നു.






