മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വീണ്ടും ഏഷ്യന്‍ ധനികരില്‍ ഒന്നാം സ്ഥാനത്ത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു പിന്നാലെ ഏഷ്യന്‍ കോടീശ്വര പദവി നഷ്ടപ്പെട്ട മുകേഷ് അംബാനി ജിയോ പ്ലാറ്റ്ഫോമുകളുടെ പത്ത് ശതമാനം ഓഹരി ഫേസ് ബുക്ക് വാങ്ങിയതിനു പിന്നാലെയാണ് പദവി തിരിച്ചുപിടിച്ചിരിക്കുന്നത്.
ഇതോടെ ഇതുവരെ ഈ പദവി അലങ്കരിച്ചിരുന്ന ചൈനീസ് ശതകോടീശ്വരന്‍ ജാക് മായെയാണ് മുകേഷ് അംബാനി പിന്തള്ളിയത്.
ജിയോയിലെ 9.9 ശതമാനം ഓഹരി 5.7ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. ഇതോടെ ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ ആസ്തി 4.7 ബില്യണ്‍ ഡോളറിൽ നിന്നും ഉയര്‍ന്ന് 49.2 ബില്യണ്‍ ഡോളറില്‍ എത്തി.
2014ല്‍ വാട്സ്ആപ്പ് വാങ്ങിയതിന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്. ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും വയര്‍ലെസ് പ്ലാറ്റ്ഫോമും ഒരു കുടക്കീഴില് കൊണ്ടുവരുന്ന ജിയോ പ്ലാറ്റ്ഫോമുകളുടെ 10 ശതമാനം ഓഹരി ഫേസ്ബുക്ക് വാങ്ങുമെന്ന് മുകേഷ് അംബാനി ബുധനാഴ്ചയാണ് അറിയിച്ചത്.
വാട്സാപ്പ്-ജിയോ പങ്കാളിത്തത്തിലൂടെ പലചരക്കു കടകളക്കം ചെറുകിട മേഖലയില്‍ പണമിടപാട് പൂർണമായും ഓണ്‍ലൈനിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.