ആലപ്പുഴ- യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം അരീപ്പുറത്ത് എ.എം ഹാഷിമിനെയാണ് പിടികൂടിയത്. നേരത്തെ കുഴിക്കാല തറയിൽ സതീശനെ(45)കസ്റ്റഡിയിൽ എടുത്തിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാഷിറിന്റെ അനിയനാണ് ഹാഷിം. ഹാഷിമിന്റെ തടി മില്ലില്ലെ ജോലിക്കാരനാണ് സതീശൻ. സുഹൈലിനെ വെട്ടാനായിരുന്നില്ല ഉദ്ദേശിച്ചിരുന്നതെന്ന് ഹാഷിം, സുഹൈലിന്റെ ഉപ്പയോട് നേരിട്ടെത്തി പറഞ്ഞിരുന്നു.
ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈൽ ഹസനെ(24)യാണ് കഴിഞ്ഞദിവസം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നും പറയുന്നു. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു.






