കോഴിക്കോട്- വിവാദമായ സ്പ്രിംഗ്ളർ കരാർ ആര് അന്വേഷിക്കണമെന്നതിനെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്ന് വ്യക്തമാക്കി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് രംഗത്തുവന്നു.
സി.ബി.ഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യമെന്ന് രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളതെന്നും അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു എന്ന അവസ്ഥയിലേ ആകൂ -ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതില്‍ പാർട്ടിയിലെ കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും പറയുന്നു.
കൊറോണ പ്രതിരോധ നടപടികളിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയേയും സർക്കാരിനേയും പിന്തുണച്ച് കെ. സുരേന്ദ്രൻ രംഗത്തുവന്നതും നേരത്തെ പാർട്ടിയില്‍ വിവാദമായിരുന്നു.






